News - 2024

കൊലപാതക പരമ്പര: ഫിലിപ്പീന്‍സ് ദേവാലയങ്ങളില്‍ കൂട്ടമണികള്‍ മുഴങ്ങും

സ്വന്തം ലേഖകന്‍ 29-07-2019 - Monday

മനില: ഫിലിപ്പീന്‍സില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കൊലപാതക പരമ്പരയോടുള്ള പ്രതിഷേധസൂചകമായി രൂപതയിലെ മുഴുവന്‍ ദേവാലയങ്ങളിലും കൂട്ടമണികള്‍ മുഴക്കാന്‍ ആഹ്വാനവുമായി സാന്‍ കാര്‍ലോസ രൂപത അധ്യക്ഷന്‍ ബിഷപ്പ് ജെറാര്‍ഡോ അല്‍മിനാസ. ഇക്കഴിഞ്ഞ ജൂലൈ 24ന് നെഗ്രോസ് മേഖലയില്‍ നടന്ന കൊലപാതകങ്ങളെ തുടര്‍ന്നാണ് എല്ലാദിവസവും രാത്രി 8 മണിക്ക് കൂട്ടമണിയടിക്കുവാന്‍ അദ്ദേഹം ഇടവകകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജൂലൈ 23ന് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അന്തോണി ട്രിനിഡാഡ്‌ വെടിയേറ്റ്‌ കൊല്ലപ്പെട്ടതിനെ അപലപിച്ചുകൊണ്ട് ബിഷപ്പ് പ്രസ്താവന പുറത്തിറക്കിയതിന്റെ തൊട്ടടുത്ത ദിവസമാണ് കൂട്ടക്കൊല അരങ്ങേറിയത്.

2017 മുതല്‍ കൃഷിക്കാരും, അഭിഭാഷകരും, മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഏതാണ്ട് 76 പേരാണ് ഫിലിപ്പീന്‍സില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. കൊലപാതകങ്ങള്‍ക്ക് അന്ത്യമുണ്ടാകുന്നത് വരെ പ്രതിഷേധസൂചകമായും, നീതിക്ക് വേണ്ടിയുള്ള പോരാട്ടമായും ദേവാലയങ്ങളില്‍ കൂട്ടമണി അടിക്കണമെന്ന് ഇടവകകളോടും, മിഷന്‍ കേന്ദ്രങ്ങളോടും, ആത്മീയ ഭവനങ്ങളോടുമായി ബിഷപ്പ് അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് സമാധാനവും നിയമവാഴ്ചയും അവസാനിച്ചുവെന്നതിന്റെ വെളിപ്പെടുത്തലാണ് ഈ കൊലപാതകങ്ങളെന്നും വിവേകശൂന്യമായ കൊലപാതകങ്ങള്‍ മനുഷ്യത്വരഹിതമാണെന്ന് ദേവാലയ മണികള്‍ ഓര്‍മ്മിപ്പിക്കട്ടെയെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. കൂട്ടക്കൊലകള്‍ ഇല്ലാതാക്കുവാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ബിഷപ്പ് ജെറാര്‍ഡോ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം മെത്രാന്റെ ആഹ്വാനം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് സെന്റ്‌ കാറ്റലീന പട്ടണത്തില്‍ ക്രൈസ്തവ വിശ്വാസികളായ പിതാവും മകനും വെടിയേറ്റ്‌ മരിച്ചത്. ഇതോടെ ഒരു ദിവസം തന്നെ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. മൂന്നു സഹോദരങ്ങള്‍ ഗുയിഹുല്‍ന്‍ഗാന്‍ പട്ടണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍, അയുന്‍ങ്കോണില്‍ വെച്ചും, സിയാട്ടനില്‍വെച്ചും കൊലപാതകം അരങ്ങേറി. പ്രാദേശിക അധികാരികളുടെ നിശബ്ദത കൊലപാതകികള്‍ക്ക് വളമാകുന്നുണ്ടെന്നും അധികാരികള്‍ തങ്ങളുടെ നിശബ്ദത അവസാനിപ്പിക്കണമെന്നും, സര്‍ക്കാരും വിപ്ലവകാരികളും തമ്മില്‍ ചര്‍ച്ച നടത്തണമെന്നും മെത്രാന്‍ ആവശ്യപ്പെട്ടു.


Related Articles »