India - 2025
കാനോനിക നിയമത്തെ ചോദ്യം ചെയ്ത ഹര്‍ജിക്കാരന് 25,000 രൂപ പിഴ
സ്വന്തം ലേഖകന്‍ 31-07-2019 - Wednesday
കൊച്ചി: ഭാരതത്തിലെ കത്തോലിക്കാ ദേവാലയങ്ങളുടെ സ്വത്തുവകകള്‍ കാനോനിക നിയമപ്രകാരം കൈവശം വയ്ക്കുന്നതും കൈകാര്യം ചെയ്യുന്നതു നിയമ വിരുദ്ധമാണെന്നു ആരോപിച്ച് ഹര്‍ജി ഫയല്‍ ചെയ്ത പരാതിക്കാരന് കടുത്ത തിരിച്ചടി. ഹര്‍ജി അനാവശ്യമാണെന്ന്‍ വിലയിരുത്തിയ ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയാണ് ഹര്‍ജി തള്ളിയത്. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര സ്വദേശി എം.എസ്. അനൂപ് നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പിഴ ചുമത്തി തള്ളിയത്. പിഴത്തുക രണ്ടാഴ്ചയ്ക്കുള്ളില്‍ ഹൈക്കോടതിയിലെ ലീഗല്‍ സര്‍വീസ് കമ്മിറ്റിക്ക് നല്‍കണമെന്നും വീഴ്ച വരുത്തിയാല്‍ ഹര്‍ജിക്കാരനെതിരെ റവന്യു റിക്കവറി നടപടികള്‍ സ്വീകരിക്കാമെന്നും കോടതി പറയുന്നു.
ഇന്ത്യയിലെ നിയമങ്ങള്‍ക്ക് അനുസരിച്ചല്ലാതെ കാനോനിക നിയമപ്രകാരം സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ മുഖ്യ ആവശ്യം. മാര്‍പാപ്പ കാലാകാലങ്ങളില്‍ നിയോഗിക്കുന്ന ബിഷപ്പുമാരാണ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത്. മാര്‍പാപ്പയുടെ നിയന്ത്രണത്തിലുള്ള കാനോനിക നിയമപ്രകാരമാണ് ഇന്ത്യയിലെ പള്ളികളുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതെന്നും ഇതു രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും ഇയാള്‍ ആരോപിച്ചിരുന്നു.
അതേസമയം ഹര്‍ജി അനാവശ്യ പ്രചാരണം ലഭിക്കുന്നതിനു വേണ്ടിയുള്ളതാണെന്ന് കോടതി വിലയിരുത്തി. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും വിവിധ മത വിഭാഗങ്ങള്‍ക്ക് സ്വത്തുക്കള്‍ കൈവശം വയ്ക്കാനും അനുഭവിക്കാനും കൈകാര്യം ചെയ്യാനും നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന് ഈ വിഷയത്തില്‍ എന്ത് കാര്യമെന്ന് ചോദിച്ച കോടതി ഹര്‍ജി ഫയല്‍ ചെയ്യാന്‍ അവകാശമില്ലന്നും വ്യക്തമാക്കി. ഇതിനാലാണ് കോടതി ചിലവ് മുതലാക്കിയുള്ള പിഴ ചുമത്തി ഹര്‍ജി തള്ളുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.