India - 2025
മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം: കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയില്‍
സ്വന്തം ലേഖകന്‍ 01-08-2019 - Thursday
ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അസമത്വത്തിനുമെതിരേ ആഗോള തലത്തില്‍ തന്നെ ഉയരുന്ന അപൂര്‍വം ചില ശബ്ദങ്ങളില്‍ ഉന്നത ശീര്‍ഷനായ മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് വഴി ഇന്ത്യ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവര്‍ക്കൊപ്പമാണെന്ന സന്ദേശമാവും ലോകത്തിന് നല്‍കുകയെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
2018ല്‍ ഭാരതത്തിന്റെയും വത്തിക്കാന്റെയും നയതന്ത്ര ബന്ധങ്ങളുടെ എഴുപതാം വാര്‍ഷികം ആഘോഷിച്ച സാഹചര്യത്തില്‍ ഇരു രാജ്യങ്ങളുടേയും ഊഷ്മളമായ ബന്ധത്തിന്റെ വൃത്താന്തമായി പോപ്പിന്റെ സന്ദര്‍ശനം മാറുമെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ നിരവധി തവണ കത്തോലിക്ക സംഘടനകളും കാത്തലിക് ബിഷപ്‌സ് കോണ്ഫറന്‍സും മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.
ഈയടുത്ത കാലത്താണ് മാര്‍പാപ്പ മ്യാന്‍മാര്‍, ബംഗ്ലാദേശ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. ഇന്ത്യ സന്ദര്‍ശിക്കാന്‍ പല അവസരങ്ങളിലും പാപ്പ താത്പര്യം പ്രകടിപ്പിച്ചെങ്കിലും കേന്ദ്രം കാണിക്കുന്ന നിസംഗതയാണ് സന്ദര്‍ശനം നീളുന്നതിന് പിന്നിലെ കാരണമായി വിലയിരുത്തപ്പെടുന്നത്.