News - 2025

സഭാനേതൃത്വത്തിന് ഓര്‍മ്മപ്പെടുത്തല്‍: പകുതിപ്പേര്‍ക്കും സഭാപ്രബോധനങ്ങള്‍ അറിയില്ലെന്ന് പഠനഫലം

സ്വന്തം ലേഖകന്‍ 02-08-2019 - Friday

വാഷിംഗ്‌ടണ്‍ ഡി‌സി: തിരുസഭയുടെ കേന്ദ്രമായ പരിശുദ്ധ കുര്‍ബാനയെ സംബന്ധിച്ച അടിസ്ഥാന പ്രമാണങ്ങള്‍ പോലും അമേരിക്കന്‍ കത്തോലിക്ക വിശ്വാസികള്‍ക്ക് അറിയില്ലെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. സഭാനേതൃത്വത്തിന്റെ വിശ്വാസ ദൌത്യം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ലോക പ്രശസ്ത ഗവേഷണ സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ കത്തോലിക്കരില്‍ പകുതിപേര്‍ക്ക് മാത്രമേ സഭാ പ്രബോധനത്തിലെ ദിവ്യകാരുണ്യം പോലെയുള്ള അടിസ്ഥാന ആശയങ്ങളെക്കുറിച്ചുള്ള അറിവുള്ളൂ.

ലോകത്തിലെ പ്രധാന മതവിശ്വാസങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചുമുള്ള അമേരിക്കന്‍ ജനതയുടെ ഗ്രാഹ്യം അളക്കുന്നതിനായി പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേയുടെ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ജൂലൈ 23നാണ് പുറത്തുവിട്ടത്. വിശുദ്ധ കുര്‍ബാനക്കിടയില്‍ മനുഷ്യ നിര്‍മ്മിതമായ അപ്പവും, വീഞ്ഞും യേശുവിന്റെ യഥാര്‍ത്ഥ മാംസവും ശരീരവുമായി തീരുന്നു എന്ന കത്തോലിക്കാ വിശ്വാസ സത്യത്തെ സംബന്ധിച്ച ചോദ്യത്തിന് അമേരിക്കന്‍ കത്തോലിക്കരില്‍ 50 ശതമാനത്തിന് മാത്രമാണ് ശരിയായി ഉത്തരം നല്‍കുവാന്‍ കഴിഞ്ഞുള്ളൂ. അമേരിക്കയിലെ മതസമൂഹങ്ങളില്‍ ലോകമതങ്ങളെക്കുറിച്ച് ഏറ്റവും കൂടുതല്‍ അറിവുള്ളവര്‍ യഹൂദരാണെന്നും സര്‍വ്വേയില്‍ നിന്നും വ്യക്തമായി.

ഓസ്തിയും വീഞ്ഞും യേശുവിന്റെ ശരീരത്തിന്റേയും, രക്തത്തിന്റേയും പ്രതീകങ്ങള്‍ മാത്രമായാണ് അമേരിക്കന്‍ കത്തോലിക്കരില്‍ പകുതിയോളം പേര്‍ ഇപ്പോഴും വിശ്വസിക്കുന്നത്. 34 ശതമാനത്തിനു മാത്രമാണ് ഓസ്തിയുടേയും വീഞ്ഞിന്റേയും രൂപാന്തരീകരണത്തെ സംബന്ധിച്ച ശരിയായ അറിവുള്ളത്. എന്നാല്‍ ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള ചോദ്യത്തിന് 71 ശതമാനം കത്തോലിക്കരും ശരിയായി ഉത്തരം നല്‍കി. ശരാശരി പ്രായപൂര്‍ത്തിയായ അമേരിക്കക്കാരന് വിശ്വാസ സംബന്ധമായ വിഷയങ്ങളില്‍ പകുതിയില്‍ താഴെ ചോദ്യങ്ങള്‍ക്ക് മാത്രമാണ് ശരിയായി ഉത്തരം നല്‍കുവാന്‍ കഴിഞ്ഞുള്ളൂവെന്നതും ശ്രദ്ധേയമാണ്.

മുക്കാല്‍ ഭാഗത്തോളം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുവാന്‍ കഴിഞ്ഞവരാകട്ടെ വെറും 9 ശതമാനവും. മുഴുവന്‍ ചോദ്യങ്ങള്‍ക്കും ശരിയായി ഉത്തരം പറഞ്ഞവര്‍ വെറും ഒരു ശതമാനം മാത്രമാണ്. ക്രൈസ്തവ വിശ്വാസത്തില്‍ അഞ്ചിലൊന്ന്‍ പേര്‍ക്ക് മാത്രമാണ് പ്രൊട്ടസ്റ്റന്റ് വിഭാഗത്തെക്കുറിച്ചുള്ള അറിവുള്ളൂ. ഫെബ്രുവരി 4 മുതല്‍ 19 വരെ നടത്തിയ 32 ചോദ്യങ്ങളടങ്ങിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ 10,971 പേരാണ് പങ്കെടുത്തത്. എന്തായായാലും തിരുസഭയുടെ അടിസ്ഥാന വിശ്വാസ സത്യങ്ങള്‍ അറിയാത്ത നാമമാത്ര വിശ്വാസികള്‍ നിരവധിയുണ്ടെന്നും അവരിലേക്കു കൂടുതല്‍ കാര്യക്ഷമമായി തിരുസഭ സത്യങ്ങള്‍ എത്തിക്കണമെന്നുമുള്ള ശക്തമായ മുന്നറിയിപ്പാണ് പുതിയ റിപ്പോര്‍ട്ട് നല്‍കുന്നത്.

More Archives >>

Page 1 of 477