News - 2025
കോളേജ് ഗര്‍ഭഛിദ്ര ബില്ലിനെതിരെ പ്രാര്‍ത്ഥന കൊണ്ട് പോരാടുവാന്‍ മെത്രാന്മാരുടെ ആഹ്വാനം
സ്വന്തം ലേഖകന്‍ 02-08-2019 - Friday
സാക്രമെന്റോ, കാലിഫോര്‍ണിയ: കാലിഫോര്‍ണിയ സംസ്ഥാനത്തിലെ മുഴുവന്‍ സര്‍വ്വകലാശാലകളിലേയും കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ഗര്‍ഭഛിദ്ര ഗുളികകള്‍ ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ബില്ലിനെതിരെ ശക്തമായ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ബിഷപ്പുമാര്‍. “കോളേജ് സ്റ്റുഡന്റ്സ് റൈറ്റ് റ്റു അക്സസ് ആക്റ്റ്” എന്നറിയപ്പെടുന്ന ‘എസ്.ബി 24’ ബില്ലിനെതിരെ തങ്ങളുടെ പ്രാര്‍ത്ഥനകളും, വോട്ടുകളും കൊണ്ട് പോരാടുവാനാണ് സംസ്ഥാനത്തിലെ കത്തോലിക്ക വിശ്വാസികളോട് ബിഷപ്പുമാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. മൂന്നിനെതിരേ ഏഴു വോട്ടുകള്‍ക്കാണ് സെനറ്റ് ഹെല്‍ത്ത് കമ്മിറ്റി ഈ ബില്ലിന് അംഗീകാരം നല്‍കിയത്. നിലവില്‍ സംസ്ഥാന നിയമ നിര്‍മ്മാണ സഭയുടെ പരിഗണനയിലാണ് ബില്‍.
സര്‍ക്കാര്‍ ഫണ്ടോടു കൂടി പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള ഗുളിക സൗജന്യമായി നല്‍കണമെന്ന് മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് ഗര്‍ഭഛിദ്ര കൗണ്‍സലിംഗും നല്‍കണമെന്ന നിര്‍ദ്ദേശവും ബില്ലിലുണ്ട്. പ്രോലൈഫ് പരമായ കാഴ്ചപ്പാടുകള്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് ‘എസ്.ബി 24’ ബില്‍ നല്‍കുന്നതെന്നു കാലിഫോര്‍ണിയ മെത്രാന്‍ സമിതി പ്രസ്താവിച്ചു.
ബില്‍ നിയമമാകാതിരിക്കുവാനായി നാളെ മുതല്‍ 11 വരെ സാക്രമെന്റോയിലെ മെത്രാനായ ജെയിംസ് സോട്ടോയുടെ നേതൃത്വത്തില്‍ പരിശുദ്ധ ഗ്വാഡലൂപ്പ മാതാവിന്റെ മാധ്യസ്ഥം അപേക്ഷിച്ചുകൊണ്ടുള്ള നൊവേന സംഘടിപ്പിക്കുന്നുണ്ട്. തങ്ങളുടെ പ്രാര്‍ത്ഥനയിലൂടെ സാക്രമെന്റോയിലെ വിശ്വാസികളുടെ പോരാട്ടത്തില്‍ പങ്കുചേരണമെന്ന് സാന്‍ ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വട്ടോര്‍ കോര്‍ഡിലിയോണും തന്റെ അതിരൂപതയിലെ വിശ്വാസികളോട് ആവശ്യപ്പെട്ടുകഴിഞ്ഞു.
ഇത് രണ്ടാം തവണയാണ് കാലിഫോര്‍ണിയയിലെ നിയമസാമാജികര്‍ യൂണിവേഴ്സിറ്റി കാമ്പസ്സുകളില്‍ അബോര്‍ഷന്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതിനു സമാനമായ ബില്‍ അന്നത്തെ ഗവര്‍ണറായിരുന്ന ജെറി ബ്രൌണ്‍ തന്റെ വീറ്റോ അധികാരം ഉപയോഗിച്ച് റദ്ദാക്കിയിരുന്നു. ജെറി ബ്രൌണ്‍നു പകരം ഗാവിന്‍ ന്യൂസോം ഗവര്‍ണറായി അധികാരത്തില്‍ വന്നതോടെ പ്രസ്തുത ബില്‍ ചെറിയ ഭേദഗതികളോടെ അവതരിപ്പിച്ചിരിക്കുകയാണ്. ഇതിനെക്കുറിച്ച് ഗവര്‍ണര്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ലെങ്കിലും അംഗീകരിക്കാന്‍ സാധ്യത ഉണ്ടെന്നാണ് സൂചന.