News - 2024

മലയാളി വൈദികന്‍ അമേരിക്കയില്‍ അന്തരിച്ചു

സ്വന്തം ലേഖകന്‍ 18-08-2019 - Sunday

കന്‍സാസ്: മലയാളി വൈദികന്‍ അമേരിക്കയിലെ സേവനത്തിനിടെ മരിച്ചു. പതിനെട്ടു വര്‍ഷം മുന്പ് മണിപ്പുരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയെങ്കിലും ഓടി രക്ഷപ്പെട്ട മലയാളി വൈദികന്‍ ഫാ. റാഫി കുറ്റൂക്കാരനാണ് (57) അമേരിക്കയിലെ സേവനത്തിനിടെ അന്തരിച്ചത്. ജസ്യൂട്ട് സന്യാസസമൂഹത്തിന്റെ താമസസ്ഥലത്തെ കൃഷിയിടത്തില്‍ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് വിവരം. ഒറ്റയ്ക്കു താമസിച്ചിരുന്നതിനാല്‍ ആരും അറിഞ്ഞില്ല. രാവിലെ ദിവ്യബലി അര്‍പ്പിക്കാന്‍ എത്താത്തതുമൂലം അന്വേഷിച്ചപ്പോഴാണ് കൃഷിയിടത്തില്‍ മരിച്ചതായി കണ്ടെത്തിയത്. പോലീസ് നടപടികള്‍ക്കു ശേഷം മൃതദേഹം വിട്ടുകൊടുത്തു.

ചൊവ്വാഴ്ച രാവിലെ പത്തിന് അമേരിക്കയിലെ കാന്‍സാസിലുള്ള പള്ളിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടത്തിയ ശേഷമാണ് മൃതദേഹം നാട്ടിലേക്കു കൊണ്ടുവരിക. ചൊവ്വാഴ്ച നടക്കുന്ന സംസ്‌കാര ശുശ്രൂഷയില്‍ കന്‍സാസ് ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് ന്യൂമാന്‍ മുഖ്യകാര്‍മികനാകും. വികാരി ജനറല്‍ ബ്രെയിന്‍ ഷീബര്‍, വികാരി ഫാ. അന്തോണി ക്യുലെറ്റ്, ഫാ. ജോമോന്‍ പാലാട്ടി, ഫാ. സുനോജ് തോമസ് എന്നിവര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും. 2001 ഒക്ടോബര്‍ 30നാണ് മണിപ്പുരിലെ ഭീകരര്‍ ഫാ. റാഫിയെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്.

മണിപ്പുരിലെ റവല്യൂഷണറി പീപ്പിള്‍സ് ഫോഴ്‌സിലെ ഭീകരരാണ് തോക്കു ചൂണ്ടി ഫാ. റാഫിയെ തട്ടിക്കൊണ്ടുപോയത്. മര്‍ദിച്ചവശനാക്കിയെങ്കിലും അവരുടെ പിടിയില്‍നിന്നു കുതറിയോടി രക്ഷപ്പെടുകയായിരുന്നു. ഭീകരര്‍ പിറകേ ഓടുകയും വെടിവയ്ക്കുകയും ചെയ്തു. ദൈവാനുഗ്രഹംകൊണ്ടു മാത്രമാണ് അന്നു ജീവനോടെ രക്ഷപ്പെട്ടത്. പിന്നീട് അദ്ദേഹം കുറച്ചുകാലം തൃശൂരിലെ തലോരില്‍ ജസ്യൂട്ട് സന്യാസ സമൂഹത്തോടൊപ്പമായിരുന്നു. 2003ലാണ് അമേരിക്കയിലേക്കു സേവനം മാറ്റിയത്.


Related Articles »