India - 2025
ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശം വേദനാജനകം: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍
സ്വന്തം ലേഖകന്‍ 20-08-2019 - Tuesday
ന്യൂഡല്‍ഹി: രാജ്യത്തെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ മദ്രാസ് ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പലതും ക്രൈസ്തവര്‍ നടത്തുന്നവയാണെന്നും സമുദായത്തിന്റെ സംഭാവനകളെ രാജ്യമാകെ സ്വീകരിച്ചതും അംഗീകാരം നല്‍കുന്നതുമാണെന്നും ഇതെല്ലാം മറന്നുകൊണ്ടുള്ള ആരോപണം ഖേദകരമാണെന്നും ന്യൂനപക്ഷ കമ്മീഷന്‍ ദേശീയ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ പറഞ്ഞു.
ജുഡീഷറി അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും ഉന്നത ധാര്‍മിക നിലവാരം പുലര്‍ത്താന്‍ ഉത്തരവാദപ്പെട്ടതാണ്. പല അളവുകോലുകള്‍ ഉണ്ടാകാന്‍ പാടില്ല. ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ ഒറ്റപ്പെട്ട വീഴ്ചയുടെ പേരില്‍ മറ്റു സ്ഥാപനങ്ങളെയോ ഒരു കൂട്ടം വ്യക്തികളെയോ ഏതെങ്കിലുമൊരു സമുദായത്തെയാകെയോ സാമാന്യവത്കരിക്കരുത്. ആരോപണവിധേയന്റെ മതം പരിഗണിക്കണമെന്ന് ഭരണഘടനയിലോ ശിക്ഷാനിയമത്തിലോ പറയുന്നില്ല. മതപരിവര്‍ത്തനത്തെക്കുറിച്ചു വിധിയിലുള്ള പരാമര്‍ശവും അനാവശ്യമാണ്.
1951ലെ സെന്‍സന്‍സില്‍ ഉണ്ടായിരുന്ന 2.3 ശതമാനം തന്നെയാണ് 2011ലെ സെന്‍സസിലും െ്രെകസ്തവ അംഗസംഖ്യ. െ്രെകസ്തവ സമുദായത്തെ കുറ്റപ്പെടുത്താതെ മതപരിവര്‍ത്തന നിയമം പാസാക്കാന്‍ നിര്‍ദേശിക്കാമായിരുന്നുവെന്നും ബിജെപി നേതാവു കൂടിയായ ജോര്‍ജ് കുര്യന്‍ പ്രസ്താവനയില്‍ പറയുന്നുണ്ട്. ക്രിസ്തുവിന് സാക്ഷ്യം പറയുകയാണ് അല്ലാതെ മതപരിവര്‍ത്തനം ചെയ്യുകയല്ല മിഷനറി സ്പിരിറ്റ് എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സൂചിപ്പിച്ചിട്ടുള്ളതെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍ പെണ്‍ മിശ്രപഠനം കുട്ടികളുടെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ഭാവിക്ക് തീര്‍ത്തും സുരക്ഷിതമല്ലെന്നായിരിന്നു മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ പ്രസ്താവന. ഒരു ലൈംഗിക പീഡന പരാതിയില്‍ കോളജ് മാനേജ്‌മെന്റ് നടപടിയെടുത്തതിനെതിരേ കോളജ് പ്രഫസര്‍ നല്കിയ ഹര്‍ജിയിലെ വിധിയിലാണ് ജഡ്ജിയുടെ പരാമര്‍ശം.