Life In Christ - 2025

ഹാൻ ചുങ്: ഭീഷണി വകവെക്കാതെ കൊറിയക്കാർക്ക് ക്രിസ്തുവിനെ നല്‍കിയ യോദ്ധാവ്

സ്വന്തം ലേഖകന്‍ 07-09-2019 - Saturday

സിയോള്‍: മതസ്വാതന്ത്ര്യത്തിന് ലോകത്ത് ഏറ്റവും ശക്തമായ വിലക്കുള്ള ഉത്തര കൊറിയയില്‍ മരണത്തിന് മുന്‍പ് ആയിരത്തോളം ആളുകള്‍ക്ക് ക്രിസ്തുവിനെ പകർന്നു നല്‍കിയ സുവിശേഷ പ്രഘോഷകൻ മാധ്യമങ്ങളില്‍ ഇടംനേടുന്നു. ഹാൻ ചുങ് റിയോൾ എന്ന പേരുള്ള കൊറിയയിൽ വേരുകളുള്ള ചൈനീസ് മിഷ്ണറി 2016ൽ കൊല്ലപ്പെടുന്നതിനു ആയിരങ്ങള്‍ക്കു ക്രിസ്തുവിനെ നല്‍കിയെന്നാണ് വിശ്വാസികളെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1990 മുതൽ ചാങ്ബേയ് എന്ന പേരിലറിയപ്പെടുന്ന കൊറിയയുടെയും, ചൈനയുടെയും അതിർത്തി പ്രദേശത്തായിരുന്നു അദ്ദേഹത്തിന്റെ സുവിശേഷ പ്രവര്‍ത്തനം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും സുവിശേഷവത്ക്കരണത്തിനായുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ഉത്തരകൊറിയയിലെ ഏകാധിപത്യ സർക്കാരിന്റെ കണ്ണിലെ കരടായി ഹാൻ ചുങ് റിയോൾ പിന്നീട് മാറി.

2003 മുതൽ അദ്ദേഹം ഉത്തരകൊറിയയുടെ 'മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ' ഉൾപ്പെട്ടിരുന്നുവെന്ന് പറയപ്പെടുന്നു. ക്ഷാമം മൂലം ഉത്തര കൊറിയ വിട്ട ആളുകൾക്ക് പാർപ്പിടവും ഭക്ഷണവും ഒരുക്കിയും അദ്ദേഹം ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്റെ അധ്യായം അനേകര്‍ക്ക് പകര്‍ന്നു നല്‍കി. നവംബര്‍ മൂന്നിന് പീഡിത സഭയ്ക്കു വേണ്ടിയുള്ള അന്താരാഷ്ട്ര പ്രാര്‍ത്ഥന ദിനത്തിനു മുന്നോടിയായി പുറത്തുവിട്ട ഡോക്യുമെന്ററിയിൽ സാങ് ചുൽ എന്ന ഉത്തരകൊറിയൻ ക്രൈസ്തവ വിശ്വാസിയാണ് ഇക്കാര്യങ്ങള്‍ വിവരിച്ചിരിക്കുന്നത്. മിഷ്ണറിമാർ ആദ്യമൊക്കെ നല്ല മനുഷ്യരായിരിക്കും, പിന്നീട് അവർ വീടുകളിൽ പ്രവേശിച്ച് നിങ്ങളുടെ കരൾ ഭക്ഷിക്കുമെന്ന തരത്തിലുള്ള പഠനമാണ് തങ്ങൾക്ക് രാജ്യത്ത് നിന്നും ലഭിച്ചതെന്ന് സാങ് ചുൽ പറയുന്നു.

ഉത്തര കൊറിയയിൽ ജോലിയൊന്നും ലഭിക്കാത്തതിനാൽ വില്‍പ്പനക്കായി കൂൺ ശേഖരണം സാങ് ചുൽ ആരംഭിച്ചിരുന്നു. കൂണുമായി സാങ് ചുൽ കാണുന്നത് ഹാൻ ചുങിനെയാണ്. അപകടസാധ്യതയുണ്ടായിട്ടും ലാഭമൊന്നും പരിഗണിക്കാതെ ആ കൂണുകൾ അദ്ദേഹം കൈമാറി. ഇങ്ങനെയുളള സഹായങ്ങളെല്ലാം ചെയ്യുന്നത് താൻ ഒരു ക്രിസ്ത്യാനിയായതു കൊണ്ടാണെന്ന് ഹാൻ തുടരെത്തുടരെ പറയുമായിരുന്നു. ഒരു ദിവസം ഹാൻ നടത്തുന്ന സുവിശേഷപ്രഘോഷണം സർക്കാരിന്റെ കണ്ണിൽ പെട്ടു. ഉത്തരകൊറിയയുടെ കൊലയാളികൾ അദ്ദേഹത്തെ വകവരുത്തി.

എന്നാൽ സാങിന്റെയും, അദ്ദേഹത്തെ പോലുള്ള നിരവധിയാളുകളുടെയും ജീവിതത്തിൽ ക്രിസ്തുവിനെ നൽകിയാണ് അദ്ദേഹം വിടവാങ്ങിയത്. ഹാൻ ചുങിന് ജീവൻ നൽകേണ്ടി വന്നെങ്കിലും, തനിക്കും, തന്നെപ്പോലുള്ള നിരവധി ഉത്തരകൊറിയക്കാർക്കും പ്രതീക്ഷ പകർന്നു നൽകാൻ അദ്ദേഹത്തിന് സാധിച്ചെന്ന് സാങ് ചുൽ അടിവരയിട്ട് പറയുന്നു. ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും, ദൈവം യാഥാർത്ഥ്യമാണെന്ന സന്ദേശം പങ്കുവയ്ക്കുന്നത് തങ്ങൾ തുടരുമെന്നും അദ്ദേഹം പറയുന്നു.

More Archives >>

Page 1 of 12