India - 2024

പതിനായിരങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി മര്‍ത്തമറിയം ദേവാലയത്തിലെ നടതുറക്കല്‍

സ്വന്തം ലേഖകന്‍ 08-09-2019 - Sunday

മണര്‍കാട്: പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പ്രാര്‍ത്ഥന നിര്‍ഭരമായ അന്തരീക്ഷത്തില്‍ പതിനായിരങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി നട തുറന്നു. പ്രധാന പള്ളിയുടെ മദ്ബഹയില്‍ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചരിത്ര പ്രസിദ്ധമായ ചടങ്ങാണു നടതുറക്കല്‍. വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയെത്തുടര്‍ന്ന് നടന്ന മധ്യാഹ്നപ്രാര്‍ഥനയ്ക്കു ശേഷം തുടര്‍ച്ചയായ പ്രാര്‍ത്ഥനകള്‍ക്ക് നടുവിലാണു നടതുറക്കല്‍ ചടങ്ങു നടന്നത്. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നടതുറക്കല്‍ ശുശ്രൂഷകള്‍ക്ക് പ്രധാനകാര്‍മികത്വം വഹിച്ചു.

കത്തിച്ച മെഴുകുതിരിയുമായി വൈദികരും ശുശ്രൂഷകരും മദ്ബഹയില്‍ പ്രാര്‍ഥനാനിരതരായി. തിങ്ങിനിറഞ്ഞ വിശ്വാസികള്‍ ഏകസ്വരത്തില്‍ മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ എന്ന പ്രാര്‍ഥനയില്‍ മുഴുകി. നടതുറക്കല്‍ച്ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ നാനാജാതിമതസ്ഥരായ ആയിരക്കണക്കിനു വിശ്വാസികള്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നു രാവിലെ മുതല്‍ എത്തിക്കൊണ്ടിരുന്നു. തിരുനാള്‍ ദിവസമായ ഇന്നു വിതരണം ചെയ്യുന്ന പാച്ചോര്‍ നേര്‍ച്ച തയാറാക്കാനുള്ള പന്തിരുനാഴി ഘോഷയാത്ര ഇന്നലെ ഉച്ചയ്ക്കു നടന്നു. തിരുനാളിന്റെ സമാപന ദിവസമായ ഇന്നു വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്കു മൈലാപ്പൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഐസക്ക് മാര്‍ ഒസ്താത്തിയോസ് പ്രധാന കാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞു രണ്ടിനു പ്രദക്ഷിണം, ആശീര്‍വാദം. തുടര്‍ന്നു നേര്‍ച്ചയോടെ തിരുനാളിന് സമാപനമാകും.


Related Articles »