Life In Christ - 2025
മെത്രാന്മാര്‍ വിശ്വാസത്തിന്റെ വിത്തു പാകാന്‍ വിളിക്കപ്പെട്ടവര്‍: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 09-09-2019 - Monday
വത്തിക്കാന്‍ സിറ്റി: മെത്രാന്മാര്‍ വിതക്കാരനെപ്പോലെ ഭൂമിയില്‍ വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും വിത്തു പാകാന്‍ വിളിക്കപ്പെട്ടവരാണെന്നു ഫ്രാന്‍സിസ് പാപ്പ. മഡഗാസ്കറിലെ ദേശീയ മെത്രാന്‍ സംഘത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ഒരു കര്‍ഷകനെപ്പോലെ മെത്രാന്മാരും അജപാലന മേഖലയില്‍ ശാസ്ത്രീയമായ എല്ലാ അറിവുകളും സമ്പാദിച്ചുകൊണ്ട് ജനങ്ങളുടെ ജീവിതത്തെയും ചുറ്റുപാടുകളെയും, അവരുടെ ധാര്‍മ്മികതയെയും സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ചെയ്യാനുള്ള കടമയുണ്ടെന്നും സുവിശേഷവത്ക്കരണം എന്നു പറയുന്നത് വ്യക്തികളുടെ സമഗ്രപുരോഗതി കൂടിയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
സമാധാനത്തിന്‍റെയും പ്രത്യാശയുടെയും വിതക്കാരന്‍ എന്നത് മഡഗാസ്കര്‍ അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ ആദര്‍ശവാക്യമാണ്. സഭ ഇവിടെ ഏറ്റെടുത്തിരിക്കുന്ന പ്രേഷിതദൗത്യത്തിന്‍റെ പ്രതിധ്വനിയാണിത്. അങ്ങനെ അജപാലകര്‍ വിതക്കാരും കര്‍ഷകരുമാണ്. വിതക്കാരന്‍ ദൈവത്തില്‍ ശരണപ്പെട്ടുകൊണ്ടു പ്രത്യാശയോടെ വേണം അദ്ധ്വാനിക്കാന്‍. ഒപ്പം അറിയണം, വിത്ത് വേരെടുത്തു വളര്‍ന്ന് ഫലം നല്കാന്‍ മറ്റു ഘടകങ്ങളും ആവശ്യമാണെന്ന്. വിതക്കാരന് ആശങ്കയും ആകുലതുയുമുണ്ടാകാം. എങ്കിലും അയാള്‍ പ്രത്യാശ കൈവെടിയാതെ പരിശ്രമിക്കുന്നു. അയാള്‍ ഒരിക്കലും നിരാശനായി പിന്മാറുകയോ പതറുകയോ, തന്‍റെ കൃഷിയിടം കത്തിച്ചുകളയുകയോ ചെയ്യുന്നില്ല.
മറിച്ച് പ്രത്യാശയോടെ തുടര്‍ന്നും പരിശ്രമിക്കുന്നു. കാത്തിരിക്കാനും, വിശ്വാസമര്‍പ്പിക്കാനും, തന്‍റെ വിതയുടെ പരിമിതികളുമെല്ലാം അയാള്‍ നന്നായി മനസ്സിലാക്കി മുന്നേറുന്നു. തന്നെ ഏല്പിച്ചിരിക്കുന്ന വയല്‍, അയാള്‍ ഒരിക്കലും വിറ്റുകളയുകയോ, ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല, മറിച്ച് പിന്നെയും പിന്നെയും നിരന്തരമായി വിളവെടുക്കുവോളം ദൈവത്തില്‍ ആശ്രയിച്ച് അതില്‍ കഠിനാദ്ധ്വാനം ചെയ്യുന്നുവെന്നും പാപ്പ പറഞ്ഞു. മഡഗാസ്കര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പാപ്പ ഇന്നു മുതല്‍ മൗറീഷ്യസിലാണ് സന്ദര്‍ശനം നടത്തുക.