Life In Christ - 2025

'പാക്കിസ്ഥാന്റെ മദര്‍ തെരേസ'യെ ആദരിച്ച് ഗൂഗിള്‍

സ്വന്തം ലേഖകന്‍ 11-09-2019 - Wednesday

ലാഹോര്‍: കുഷ്ഠ രോഗ നിര്‍മ്മാര്‍ജ്ജനത്തിനായി ജീവിതം ബലിയാക്കി മാറ്റിയ 'പാക്കിസ്ഥാന്റെ മദര്‍ തെരേസ' എന്ന പേരില്‍ അറിയപ്പെട്ടിരിന്ന സിസ്റ്റര്‍ ഡോ. റൂത്ത് ഫൗയുടെ സ്മരണയില്‍ ഗൂഗിളും. ലോകം ആദരവോടെ ഇന്നും സ്മരിക്കുന്ന സിസ്റ്ററിന്റെ തൊണ്ണൂറാം ജന്മദിനത്തോട് അനുബന്ധിച്ച് ഗൂഗിള്‍ ഡൂഡിലില്‍ ചിത്രം പതിപ്പിച്ചുകൊണ്ടാണ് സി. റൂത്ത് ഫൗയോടുള്ള ആദരവ് ടെക് ഭീമനായ ഗൂഗിള്‍ പ്രകടിപ്പിച്ചത്. ചരിത്രത്തില്‍ കൈയ്യൊപ്പു പതിച്ച വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ സ്മരണാര്‍ത്ഥം ഗൂഗിളിന്റെ പ്രധാന പേജിലെ ലോഗോയില്‍ വരുത്തുന്ന താത്കാലിക പരിഷ്‌കരണങ്ങളാണ് ഗൂഗിള്‍ ഡൂഡില്‍. നിരാലംബരായ കുഷ്ഠരോഗികള്‍ക്കായി അര നൂറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച സിസ്റ്റര്‍ റൂത്തിന്റെ ത്യാഗത്തോടുള്ള ആദരവ് തിങ്കളാഴ്ചയാണ് ഗൂഗിള്‍ പ്രകടമാക്കിയത്.

1929ല്‍ ജര്‍മനിയിലാണ് സിസ്റ്റര്‍ റൂത്തിന്റെ ജനനം. രണ്ടാം ലോക യുദ്ധത്തിന്റെ ആക്രമങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് റൂത്ത് വളര്‍ന്നത്. പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം സൊസൈറ്റി ഓഫ് ഡോട്ടേഴ്‌സ് ഓഫ് ഹാര്‍ട്ട് ഓഫ് മേരി സന്യാസിനി സഭയില്‍ അംഗമായ റൂത്ത് മദര്‍ തെരേസയെപ്പോലെ ഇന്ത്യയിലെ അശരണര്‍ക്കിടയില്‍ സേവനം ചെയ്യാനായിരുന്നു നിയോഗിക്കപ്പെട്ടത്. ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ വീസാ പ്രശ്‌നങ്ങള്‍മൂലം കറാച്ചിയില്‍ സിസ്റ്ററിന് ഇറങ്ങേണ്ടി വന്നു. കറാച്ചി നഗരത്തിലെ കുഷ്ഠരോഗികളുടെ ദയനീയാവസ്ഥ കണ്ട് സിസ്റ്റര്‍ റൂത്ത് കര്‍മമണ്ഡലം പാക്കിസ്ഥാനാണെന്ന് തീരുമാനിക്കുകയായിരിന്നു.

1962ല്‍ സിസ്റ്ററിന്റെ നേതൃത്വത്തില്‍ കറാച്ചിയില്‍ മാരി അഡലെയ്ഡ് ലെപ്രോസി സെന്റര്‍ സ്ഥാപിതമായി. പാക്കിസ്ഥാനിലെ എല്ലാ പ്രവിശ്യകളിലും പ്രവര്‍ത്തനമാരംഭിച്ച് അന്പതിനായിരത്തിലധികം കുടുംബങ്ങള്‍ക്കു ചികിത്സയും സാന്ത്വനവും നല്കുവാന്‍ സിസ്റ്ററിന്റെ നിരന്തര പരിശ്രമത്തിലൂടെ ഫലം കണ്ടു. 1979ല്‍ പാക്കിസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ ഹിലാല്‍ ഇ- ഇംതിയാസ് നല്‍കി സിസ്റ്റര്‍ റൂത്തിനെ പാക്കിസ്ഥാന്‍ ആദരിച്ചു.

1989ല്‍ ഹിലാല്‍-ഇ-പാക്കിസ്ഥാന്‍ ബഹുമതിയും സിസ്റ്ററിനു ലഭിച്ചു. സിസ്റ്ററിന്റെയും സംഘത്തിന്റെയും കഠിനപ്രയത്‌നം കൊണ്ട് ആദ്യ കുഷ്ഠരോഗ വിമുക്ത ഏഷ്യന്‍ രാജ്യമായി മാറാന്‍ പാക്കിസ്ഥാനു സാധിച്ചു. 1996-ല്‍ ആണ് ലോകാരോഗ്യ സംഘടന പാക്കിസ്ഥാനെ കുഷ്ഠരോഗ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചത്. 2017 ഓഗസ്റ്റ് 10നു സിസ്റ്റര്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. ചരിത്രത്തിലാദ്യമായി ഒരു ക്രിസ്ത്യന് വനിതയ്ക്കു പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പാക്കിസ്ഥാന്‍ വിടചൊല്ലിയത് സിസ്റ്റര്‍ ​​​​റൂ​​​​ത്ത് ഫൗവിന്റെ സംസ്ക്കാരത്തിലായിരിന്നു. കറാച്ചിയിലെ സദറിലുള്ള സെന്‍റ് പാട്രിക് കത്തീഡ്രലില്‍ നടന്ന മൃതസംസ്ക്കാര ശുശ്രൂഷകളില്‍ പ്രസിഡന്റ് മന്‍മൂന്‍ ഹുസൈന്‍ അടക്കമുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തിരിന്നു.

More Archives >>

Page 1 of 12