India - 2025
മാര്‍ സ്ലീവാ മെഡിസിറ്റി ജനങ്ങള്‍ക്കു സമര്‍പ്പിച്ചു
15-09-2019 - Sunday
പാലാ: പാലാ രൂപതയുടെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയായ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ വെഞ്ചരിപ്പ് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. ഈശോയുടെ ശുശ്രൂഷയുടെ വലിയൊരു ഭാഗം രോഗീശുശ്രൂഷയായിരുന്നുവെന്നും കര്‍ത്താവിന്റെ ശുശ്രൂഷ ലോകത്ത് തുടരുക എന്നതാണ് ആശുപത്രികൊണ്ടു ലക്ഷ്യമാക്കുന്നതെന്നും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കു വലിയൊരു മാതൃകയാണ് പാലാ രൂപതയുടെ മാര്‍ സ്ലീവാ മെഡിസിറ്റിയെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി.
ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ മാത്യു അറക്കല്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ തോമസ് തറയില്‍, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, ആന്റോ ആന്റണി, എംഎല്‍എമാരായ പി.ജെ. ജോസഫ്, തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, പി.സി. ജോര്‍ജ്, സുരേഷ് കുറുപ്പ് തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
ഒരാഴ്ച ജനങ്ങള്‍ക്ക് ആശുപത്രി സമുച്ചയവും സജ്ജീകരണങ്ങളും കാണാന്‍ സൗകര്യമുള്ള ഓപ്പണ്‍ ഹൗസ് ദിനങ്ങളായിരിക്കും. ഒപി, ഐപി പ്രവര്‍ത്തനം ഒക്ടോബര്‍ ആദ്യവാരത്തില്‍ തുടങ്ങും. മെഡിസിറ്റിയുടെ ഉദ്ഘാടനം അതിനുശേഷം നടക്കും. 17 സൂപ്പര്‍ സ്‌പെഷാലിറ്റി, 22 സ്‌പെഷാലിറ്റി ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കു പുറമെ ആയുര്‍വേദ, ഹോമിയോ ചികിത്സ സംവിധാനങ്ങളും മെഡിസിറ്റിയില്‍ ലഭ്യമാണ്. വെഞ്ചിരിപ്പിനു മുന്നോടിയായി ചേര്‍പ്പുങ്കല്‍ ഫൊറോനപള്ളിയില്‍നിന്നു ഉണ്ണീശോയുടെ തിരുസ്വരൂപം വിശ്വാസികള്‍ പ്രദക്ഷിണമായി ആശുപത്രിയിലെത്തിച്ചു. കുറവിലങ്ങാട് പള്ളിയില്‍നിന്നു മാതാവിന്റെ തിരുസ്വരൂപവും ആശുപത്രിയിലെത്തിച്ചിരുന്നു.
