News - 2024

കർദ്ദിനാൾ ന്യൂമാന്റെ വിശുദ്ധ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിക്കാന്‍ ചാൾസ് രാജകുമാരനും

സ്വന്തം ലേഖകന്‍ 15-09-2019 - Sunday

ലണ്ടന്‍: ഒക്ടോബർ പതിമൂന്നാം തീയതി നടക്കാനിരിക്കുന്ന വാഴ്ത്തപ്പെട്ട കർദ്ദിനാൾ ന്യൂമാന്റെ വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കാന്‍ ബ്രിട്ടീഷ് സിംഹാസനത്തിന്റെ പിന്തുടർച്ചാവകാശിയായ ചാൾസ് രാജകുമാരനും. വത്തിക്കാനില്‍ നടക്കുന്ന ചടങ്ങില്‍ രാജകുമാരന്‍ പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസാണ് സ്ഥിരീകരിച്ചത്. റോമിലെത്തുന്ന രാജകുമാരന്‍ പ്രഖ്യാപനം നേരിൽ കാണുകയും, ഉർബൻ യൂണിവേഴ്സിറ്റിയുടെ ഭാഗമായ കോളേജിയോ ഉർബാനോയിൽ വിരുന്നിൽ പങ്കെടുക്കുകയും ചെയ്യുമെന്നുളള വിവരങ്ങളാണ് പുറത്തുവരുന്നത്. വെയിൽസിന്റെ രാജകുമാരനായ ചാൾസ്, വത്തിക്കാനിലേക്ക് പോകുന്ന ബ്രിട്ടീഷ് പ്രതിനിധി സംഘത്തെ നയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് വെസ്റ്റ് മിനിസ്റ്റർ ആർച്ച് ബിഷപ്പും, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് മെത്രാൻ സമിതിയുടെ അധ്യക്ഷനുമായ കർദ്ദിനാൾ വിൻസെന്റ് നിക്കോൾസ് പറഞ്ഞു.

സാമൂഹ്യ സേവനം നടത്തുകയും, മറ്റു മതങ്ങളുമായി പരസ്പരധാരണ വളർത്താൻ ശ്രമിക്കുകയും, സർവ്വോപരി ആത്മീയ ജീവിതം നയിക്കുകയും ചെയ്യുന്ന ചാൾസ് രാജകുമാരന് ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക യോഗ്യതയുണ്ടെന്നും കർദ്ദിനാൾ വിൻസെന്റ് നിക്കോൾസ് കൂട്ടിച്ചേർത്തു. കർദ്ദിനാൾ ന്യൂമാനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുമെന്ന പ്രഖ്യാപനം വത്തിക്കാൻ നടത്തിയപ്പോൾ അതിനെ ഹാർദ്ദവമായി ആംഗ്ലിക്കൻ സഭ സ്വാഗതം ചെയ്തിരുന്നു. ദീർഘനാളത്തെ സത്യാന്വേഷണത്തിന് ശേഷം ആഗ്ലിക്കൻ സഭ ഉപേക്ഷിച്ച് കത്തോലിക്കാസഭയിൽ അംഗമായ വ്യക്തിയാണ് കർദ്ദിനാൾ ന്യൂമാൻ. ആംഗ്ലിക്കൻ സഭയിലെ പൌരോഹിത്യം ഉപേക്ഷിച്ചാണ് അദ്ദേഹം കത്തോലിക്ക സഭയില്‍ ചേര്‍ന്ന് കര്‍ദ്ദിനാള്‍ പദവി വരെ ഉയര്‍ത്തപ്പെട്ടത്.

More Archives >>

Page 1 of 490