India - 2025
'ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു': നന്ദിയോടെ ഭഗല്‍പുര്‍ രൂപത
സ്വന്തം ലേഖകന്‍ 17-09-2019 - Tuesday
ന്യൂഡല്‍ഹി: വ്യാജ ആരോപണത്തെ തുടര്‍ന്നു കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത ഫാ. ബിനോയിയുടെ മോചനത്തിനായി ശ്രമിച്ച കേരളത്തിലെയും ജാര്‍ഖണ്ഡിലെയും സഭാ നേതൃത്വത്തിനും നേരില്‍ സന്ദര്‍ശിച്ച ഡീന്‍ കുര്യാക്കോസ് എംപിക്കും മറ്റു നേതാക്കള്‍ക്കും 'ദീപിക' പത്രത്തിനും ഭഗല്‍പുര്‍ രൂപത വികാരി ജനറാള്‍ ഫാ. എന്‍.എം. തോമസ് നന്ദി അറിയിച്ചു. ഭഗല്‍പുര്‍ രൂപത വികാരി ജനറാള്‍ ഫാ. എന്‍.എം. തോമസ് പുറപ്പെടുവിച്ച കുറിപ്പില്‍ വൈദികന്റെ മോചനശ്രമത്തിന് നേതൃത്വം നല്‍കിയ ഭഗല്‍പുര്‍ ബിഷപ് ഡോ. കുര്യന്‍ വലിയകണ്ടത്തിലിനും വൈദികര്‍, കന്യാസ്ത്രീകള്‍, വിശ്വാസി സമൂഹം എന്നിവരോടും നന്ദി അറിയിക്കുന്നുണ്ട്.
ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു. കാരുണ്യവനായ ദൈവത്തിന് നന്ദിയും പ്രാര്‍ത്ഥനകളും അര്‍പ്പിക്കുന്നു. പ്രാര്‍ത്ഥനാപൂര്‍ണമായ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി പറയുന്നു. വൈദികന്റെ മോചനശ്രമത്തിന് നേതൃത്വം നല്‍കിയ ഭഗല്‍പുര്‍ ബിഷപ്പ് ഡോ. കുര്യന്‍ വലിയകണ്ടത്തിലിനും വൈദികര്‍, കന്യാസ്ത്രീകള്‍, വിശ്വാസി സമൂഹം എന്നിവരോടും നന്ദിയുണ്ട്. ഫാ. ബിനോയിയുടെ മോചനം വേഗത്തിലാക്കുന്നതിനു വലിയ പിന്തുണ നല്‍കിയ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മറ്റു ബിഷപ്പുമാര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ പി.ജെ. ജോസഫ്, കെ.സി. ജോസഫ് തുടങ്ങിയവരോടും രൂപതയുടെ പേരില്‍ കൃതജ്ഞതയുണ്ട്.
ഗോഡ്ഡയിലെ ആശുപത്രിയിലും വൈദികനെ കസ്റ്റഡിയിലെടുത്ത രാജ്ധയിലും നേരിട്ടെത്തിയ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ ഇടപെടലിനെ പ്രത്യേകം അഭിനന്ദിക്കുന്നു. ഫാ. ബിനോയിയുടെ വെട്ടിമറ്റം പള്ളി വികാരി ഫാ. ആന്റണി പുലിമലയില്‍, ഇടവകാംഗങ്ങള്‍, നാട്ടുകാര്‍, കുടുംബാംഗങ്ങള്‍ എന്നിവരോടും നന്ദി അറിയിക്കുന്നതായി ഭഗല്‍പുര്‍ രൂപത അറിയിച്ചു.
