Life In Christ - 2025

അരുണാചലില്‍ കൊല്ലപ്പെട്ട ഫ്രഞ്ച് മിഷ്ണറിമാരുടെ നാമകരണ നടപടി ആരംഭിച്ചു

സ്വന്തം ലേഖകന്‍ 18-09-2019 - Wednesday

മിയാവോ: ചൈനയോട് അതിർത്തി പങ്കിടുന്ന അരുണാചൽ പ്രദേശിലെ ഗ്രാമത്തില്‍ രക്തസാക്ഷിത്വം വരിച്ച ഫ്രഞ്ച് മിഷ്ണറിമാരുടെ നാമകരണ നടപടികള്‍ മിയാവോ രൂപത ആരംഭിച്ചു. 165 വർഷം മുന്‍പ് മരണത്തെ പുല്‍കിയ ഫാ. നിക്കോളാസ് മൈക്കിൾ ക്രിക്ക്, ഫാ. അഗസ്റ്റിൻ ഏറ്റിയെന്നി ബൗറി എന്നിവരുടെ നാമകരണ നടപടികൾ ത്വരിതഗതിയിലാക്കുന്നതിനായാണ് രൂപതാ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.1854ൽ ഇരുവരും ടിബറ്റിലേക്കു നടത്തിയ യാത്രാമധ്യേ സോം ഗ്രാമത്തിലെ മിഷ്മി ഗോത്രവർഗ തലവനാണ് ഇവരെ കൊലപ്പെടുത്തിയത്. ടിബറ്റിലെ രാജാവ് മിഷ്ണറിമാരുമായി ശക്തമായ സൗഹൃദബന്ധം സ്ഥാപിച്ചതാണ്, ഗോത്രവർഗ തലവനെ അസ്വസ്ഥനാക്കി കൊലപാതകത്തിലേക്ക് നയിച്ചത്.

മിഷ്ണറിമാരുമായുള്ള ബന്ധം രാജാവിനെ ക്രൈസ്തവ വിശ്വാസം സ്വീകരിക്കാൻ പ്രേരിപ്പിക്കുമെന്ന് ബുദ്ധമത ലാമമാർ ഭയപ്പെട്ടിരുന്നതായും പറയപ്പെടുന്നു. കൊല്ലപ്പെടുമ്പോള്‍ ഫാ. നിക്കോളാസ് ക്രിക്കിന് 34 വയസ്സും, ഫാ. അഗസ്റ്റിൻ ഏറ്റിയെന്നി ബൗറിക്ക് 28 വയസ്സുമായിരുന്നു പ്രായം. മിഷ്ണറിമാരുടെ ഭൗതികാവശിഷ്ടം ഇപ്പോഴും ഗ്രാമത്തിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. മിയാവോ രൂപതയുടെ അദ്ധ്യക്ഷനും മലയാളിയുമായ ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിലാണ് നാമകരണ നടപടികള്‍ക്ക് മുഖ്യനേതൃത്വം വഹിക്കുന്നത്.

2017 ജൂണിൽ ഇരു മിഷ്ണറിമാരെയും വത്തിക്കാൻ 'ദൈവദാസർ' എന്ന് നാമകരണം ചെയ്തിരുന്നു. വാഴ്ത്തപ്പെട്ട പദവിയിലേക്കും, പിന്നീട് വിശുദ്ധ പദവിയിലേക്കും ഉയർത്തപ്പെടുന്നതിനായി ചരിത്ര തെളിവുകളും മറ്റ് രേഖകളും ശേഖരിച്ച് രൂപത അന്വേഷണ കമ്മീഷൻ വിശദമായ പഠനം നടത്തും. വീരോചിതമായ ക്രൈസ്തവ ജീവിതമാണോ മിഷ്ണറിമാർ നയിച്ചതെന്ന് പഠിക്കുന്നതിനായി വിശദമായ തെളിവു ശേഖരണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. നേരത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രാദേശിക മെത്രാൻ സമിതികളും, വിശുദ്ധരുടെ നാമകരണ നടപടികൾക്ക് വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘവും രൂപതാ അന്വേഷണ കമ്മീഷനെ നിയമിക്കുന്നതിനായി അനുകൂല നിലപാട് സ്വീകരിച്ചിരിന്നു.

More Archives >>

Page 1 of 12