Life In Christ - 2025

ക്രിസ്തീയത ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ച ഹംഗേറിയന്‍ കമ്മ്യൂണിസ്റ്റ് കോട്ടയില്‍ പുതിയ ദേവാലയം

സ്വന്തം ലേഖകന്‍ 13-09-2019 - Friday

എഗേര്‍, ഹംഗറി: അടിയുറച്ച ക്രൈസ്തവ വിശ്വാസത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ഹംഗറിയിലെ കമ്മ്യൂണിസ്റ്റ് കാലത്തെ പാര്‍പ്പിടമേഖലയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നാമധേയത്തില്‍ പുതിയ കത്തോലിക്കാ ദേവാലയം. വടക്ക് കിഴക്കന്‍ ഹംഗറിയിലെ എഗേര്‍ നഗരത്തിലാണ് പുതിയ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസം ഇല്ലാതാക്കുവാന്‍ ശ്രമിക്കുകയും, പുതിയ പാര്‍പ്പിട മേഖലകള്‍ നിര്‍മ്മിച്ചാല്‍ അവിടെ ദേവാലയങ്ങള്‍ നിരോധിക്കുകയും ചെയ്തിരുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പാര്‍പ്പിട മേഖലയിലാണ് പുതിയ കത്തോലിക്കാ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നതു എന്നത് ശ്രദ്ധേയമാണ്.

ദേവാലയങ്ങള്‍ പണിയുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും, പുതിയ ദേവാലയ നിര്‍മ്മാണത്തിന് ചിലവായ തുകയില്‍ 250 ദശലക്ഷം ഫോറിന്റുകള്‍ ($ 830,700) സര്‍ക്കാര്‍ നല്‍കിയതായും ഹംഗേറിയന്‍ സ്റ്റേറ്റ് സെക്രട്ടറി മിക്ലോസ് സോള്‍ട്ടെസ് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ധാര്‍മ്മിക അടിത്തറയായ ക്രിസ്തീയ വിശ്വാസവും സംസ്കാരവും കാത്തുസൂക്ഷിക്കുവാന്‍ ഹംഗറിക്കാര്‍ ശക്തമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. 1552-ലെ തുര്‍ക്കി മുസ്ലീങ്ങളുടെ ഉപരോധം ഇതിനുള്ള പ്രത്യക്ഷ ഉദാഹരണമായാണ് ഇന്നും വിലയിരുത്തപ്പെടുന്നത്. തുര്‍ക്കികള്‍ ഹംഗറിയുടെ ഭൂരിഭാഗം മേഖലകളും കീഴടക്കിയപ്പോള്‍ വടക്കന്‍ മേഖലയുടെ സംരക്ഷണകോട്ടയായി നിലകൊണ്ടത് എഗേര്‍ പട്ടണവും കോട്ടയുമായിരുന്നു.

ഹംഗറി ജനതയുടെ സഹനത്തിന്റേയും നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനുമേലുള്ള വിജയമാണ് എഗേറിലെ വിശുദ്ധ ജോണ്‍ പോള്‍ ദേവാലയമെന്ന്‍ സോള്‍ട്ടെസ് വിവരിച്ചു. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ ദേവാലയങ്ങള്‍ അടച്ചുപൂട്ടുകയും വിനോദ കേന്ദ്രങ്ങളും, കായികാഭ്യാസ കേന്ദ്രങ്ങളുമായി മാറിക്കൊണ്ടിരിക്കുമ്പോഴും ഹംഗറിയില്‍ നേരെ മറിച്ചാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും സോള്‍ട്ടെസ് ചൂണ്ടിക്കാട്ടി. ആകാശത്ത് നിന്ന് നോക്കിയാല്‍ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് സോവിയറ്റ് റഷ്യ’ (യു.എസ്.എസ്.ആര്‍) എന്നതിന്റെ സി.സി.സി.പി എന്ന റഷ്യന്‍ ചുരുക്കെഴുത്തിന്റെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പാര്‍പ്പിടമേഖലയിലാണ് പുതിയ കത്തോലിക്ക ദേവാലയം ഉയര്‍ന്നിരിക്കുന്നതെന്ന വസ്തുതയും ശ്രദ്ധേയമാണ്.

More Archives >>

Page 1 of 12