India - 2025
സൂസപാക്യം പിതാവിന്റെ നിലയില്‍ മാറ്റമില്ലാതെ തുടരുന്നു: പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരി
സ്വന്തം ലേഖകന്‍ 04-10-2019 - Friday
കൊച്ചി/ റോം: കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ എം. സൂസപാക്യത്തിന്റെ നില മാറ്റമില്ലാതെ തുടരുന്നു. രോഗബാധിതനായി ആശുപത്രിയില്‍ കഴിയുന്ന സൂസൈപാക്യം പിതാവിനുവേണ്ടി റോമിലായിരിക്കുന്ന സീറോ മലബാര്‍ ബിഷപ്പുമാര്‍ ഇന്നലെ പ്രത്യേകം പ്രാര്‍ത്ഥന നടത്തി. പിതാവിന്റെ ആരോഗ്യത്തിനായി ഏവരും പ്രാര്‍ത്ഥിക്കണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പിതാവിന്റെ അസ്വാസ്ഥ്യത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ഫ്രാന്‍സിസ് മാര്‍പാപ്പയെ അറിയിക്കുകയും പാപ്പായുടെ പ്രത്യേക ആശീര്‍വ്വാദം നേടുകയും ചെയ്തിട്ടുണ്ട്.
ഒക്‌ടോബര്‍ രണ്ടിന് പനികൂടുകയും അണുബാധ കലശലാവുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ജൂബിലി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് പിതാവിനെ വിദഗ്ദ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരിന്നു. പിതാവിന് നേരെത്ത ബൈപാസ് സര്‍ജറി നടത്തിയിട്ടുള്ളതിനാലും അണുബാധ തുടരുന്നതിനാലും തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോഴും തുടരുന്നത്.