India - 2025
ഇന്ന് ലോഗോസ് ക്വിസ്: അഞ്ചര ലക്ഷം പേര്‍ പരീക്ഷ ഹാളിലേക്ക്
സ്വന്തം ലേഖകന്‍ 29-09-2019 - Sunday
കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതി ബൈബിള്‍ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ലോഗോസ് ബൈബിള്‍ ക്വിസ് ഇന്നു നടക്കും. വിവിധ പള്ളികളിലും സ്ഥാപനങ്ങളിലുമായി ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന ബൈബിള്‍ ക്വിസില്‍ അഞ്ചര ലക്ഷം പേരാണു പങ്കെടുക്കുന്നത്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലും ക്വിസ് സംഘടിപ്പിക്കുന്നുണ്ട്. ലോഗോസ് ബൈബിള്‍ ക്വിസിന്റെ 20ാം വര്‍ഷമാണിത്.
രൂപതാടിസ്ഥാനത്തില്‍ 60,788 പേരെ പങ്കെടുപ്പിക്കുന്ന എറണാകുളംഅങ്കമാലി അതിരൂപതയാണു ലോഗോസ് പരീക്ഷാര്‍ഥികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. തൃശൂര്‍, പാലാ രൂപതകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഈ വര്‍ഷവും ഭിന്നശേഷിക്കാര്‍ക്കു ലോഗോസ് മത്സരം സംഘടിപ്പിക്കുന്നുണ്ട്. ലോഗോസ് സെമിഫൈനല്‍ പരീക്ഷ നവംബര്‍ 10നു കോഴിക്കോട്, ആലുവ, കൊല്ലം എന്നീ കേന്ദ്രങ്ങളിലും മെഗാഫൈനല്‍ നവംബര്‍ 23, 24 തീയതികളില്‍ പാലാരിവട്ടം പിഒസിയിലും നടക്കുമെന്നു ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോണ്‍സണ്‍ പുതുശേരി അറിയിച്ചു.