Life In Christ - 2024
ആമസോണിലെ ടികുണ ഗോത്രവര്‍ഗ്ഗത്തില്‍ നിന്നും ആദ്യ കത്തോലിക്ക വൈദികന്‍
സ്വന്തം ലേഖകന്‍ 04-10-2019 - Friday
നസറേത്ത്, കൊളംബിയ: ആമസോണ്‍ മേഖലയില്‍ കൊളംബിയ, പെറു, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വനത്തില്‍ താമസിക്കുന്ന അറുപതിനായിരത്തില്‍ അധികം അംഗബലമുള്ള ടികുണ ഗോത്രവര്‍ഗ്ഗത്തില്‍ നിന്നും ആദ്യ കത്തോലിക്ക വൈദികനാകാന്‍ യുവാവ് തയാറെടുക്കുന്നു. ഡീക്കന്‍ ഫെര്‍നി പെരേരയാണ് ഗോത്ര വര്‍ഗ്ഗത്തില്‍ നിന്നുമുള്ള ആദ്യ പുരോഹിതനാകുവാന്‍ പ്രാര്‍ത്ഥനയോടെ ഒരുങ്ങുന്നത്. ഗോത്ര വര്‍ഗ്ഗക്കാരനായ പുരോഹിതന്‍ എന്ന നിലയില്‍ തന്റെ ഗോത്രത്തില്‍പ്പെട്ടവരില്‍ കത്തോലിക്കാ വിശ്വാസം കെടാതെ സൂക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന്‍ പെരേര പറയുന്നു.
പൗരോഹിത്യത്തിലേക്കുള്ള പെരേരയുടെ ശ്രമങ്ങള്‍ കൗമാരത്തില്‍ തന്നെ ആരംഭിച്ചിരുന്നു. സ്വന്തം ഗ്രാമത്തില്‍ സ്കൂള്‍ ഇല്ലാത്തതിനാല്‍ ലെറ്റീഷ്യ എന്ന പട്ടണത്തില്‍ ഫ്രാന്‍സിസ്കന്‍ സന്യാസികള്‍ നടത്തിയിരുന്ന ഡോര്‍മെറ്ററിയില്‍ താമസിച്ചായിരുന്നു അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇത്തരം നിലപാടുകളെ തുടര്‍ന്നു തങ്ങളുടെ സംസ്കാരം നശിപ്പിച്ചുവെന്ന വിമര്‍ശനം തനിക്ക് കേള്‍ക്കേണ്ടതായി വന്നിട്ടുണ്ടെന്നും തന്റെ ഗോത്രത്തിലെ നിരവധി യുവാക്കള്‍ പള്ളിയില്‍ പോകുവാന്‍ ആഗ്രഹിക്കുന്നില്ലെന്നും പെരേര പറയുന്നു.
സംഗീതത്തിലൂടെയും, നൃത്തത്തിലൂടെയും ആരാധന നടത്തുവാനാണ് തങ്ങള്‍ക്കിഷ്ടമെന്നും അദ്ദേഹം വെളിപ്പെടുത്തി. അതിനാല്‍ ടികുണ യുവത്വത്തെ ആകര്‍ഷിക്കുന്നതിനായി സംഗീതവുമായി യോജിപ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനാ രീതിയാണ് പെരേര സ്വീകരിച്ചിരിക്കുന്നത്. ഒരു അധ്യാപകനാകുവാനുള്ള പരിശീലനം നേടിയ ശേഷമാണ് പെരേര സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തുന്നത്. നേരത്തെ പ്രാദേശിക സുവിശേഷകന്റെ ആവശ്യപ്രകാരം ഒരു യുവജന കൂട്ടായ്മക്ക് നേതൃത്വം നല്‍കി വരവേയാണ് പെരേര ലെറ്റീഷ്യയിലെ മെത്രാനെ കണ്ടുമുട്ടുന്നത്. ഈ കൂടിക്കാഴ്ച പെരേരയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായി മാറുകയായിരിന്നു.
നിങ്ങളില്‍ ആരെങ്കിലും ഒരു വൈദികന്‍ ആകുവാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന അദ്ദേഹത്തിന്റെ ചോദ്യമാണ് പെരേരയുടെ ജീവിതത്തെ മാറ്റിമറിച്ചത്. കൊളംബിയയിലെ പ്രധാന സെമിനാരിയില്‍ ചേര്‍ന്ന് തിയോളജിയും, തത്വശാസ്ത്രവും പഠിച്ചതിന് ശേഷം ഇക്കഴിഞ്ഞ ജൂണില്‍ മെത്രാന്‍ ജോസ് ക്വിന്റേറോ ഡയസില്‍ നിന്നും ട്രാന്‍സിഷണല്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു. ആമസോണ്‍ സ്വര്‍ഗ്ഗ തുല്യമാണെന്നും അതിനെ സംരക്ഷിക്കുവാന്‍ തങ്ങള്‍ അല്ലാതെ വേറെ ആരും രംഗത്ത് ഉണ്ടാകില്ലായെന്നും അദ്ദേഹം പറഞ്ഞു. വരും മാസങ്ങളില്‍ ഒരു ദിവസമായിരിക്കും അദ്ദേഹം തിരുപ്പട്ടം സ്വീകരിക്കുക.