News - 2025
സൈന്യത്തെ പിന്‍വലിച്ച അമേരിക്കന്‍ നടപടി സിറിയന്‍ ക്രൈസ്തവര്‍ക്കു പുതിയ ഭീഷണി
സ്വന്തം ലേഖകന്‍ 09-10-2019 - Wednesday
ഡമാസ്കസ്: വടക്കന്‍ സിറിയയില്‍ നിന്നും തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ച അമേരിക്കയുടെ അപ്രതീക്ഷിത നടപടി സിറിയന്‍ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുമായി മനുഷ്യാവകാശ സംഘടന. തുര്‍ക്കിയുടെ ആക്രമണ ഭീഷണിയുള്ളതിനാല്‍ വടക്ക് - കിഴക്കന്‍ സിറിയയിലെ ക്രിസ്ത്യന്‍, യസീദി സമൂഹങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ ആശങ്കാകുലരാണെന്ന് മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികളുടെ സംരക്ഷണത്തിനായി നിലകൊള്ളുന്ന ‘ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ്’ (ഐ.ഡി.സി) എന്ന സന്നദ്ധ സംഘടന ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
യുദ്ധത്തിന്റെ കെടുതികളില്‍ നിന്ന്‍ മുക്തി നേടി സാവധാനം ജീവിതത്തിലേക്ക് തിരിച്ചുവരുന്ന സിറിയയിലെ ക്രിസ്ത്യന്‍ സമൂഹത്തിനേറ്റ ഒരു പ്രഹരമാണ് ഇതെന്നും സിറിയന്‍ ക്രിസ്ത്യാനികള്‍ക്ക് ഇറാഖി ക്രിസ്ത്യാനികളുടെ ഗതി വരുമോയെന്ന്‍ ഭയപ്പെടുന്നതായും പ്രസ്താവനയില്‍ പറയുന്നു. അതേസമയം തുര്‍ക്കി സൈന്യം വടക്കന്‍ സിറിയയിലേക്ക് നീങ്ങുമെന്നും ആ മേഖലയില്‍ അമേരിക്കന്‍ സൈന്യമില്ലെന്നുമുള്ള ഒക്ടോബര്‍ ആറിലെ വൈറ്റ്ഹൗസ് പ്രഖ്യാപനം വടക്കന്‍ സിറിയയിലേയും, ഇറാഖിലേയും കുര്‍ദ്ദുകളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
ഇറാഖ്, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വിവാദ മേഖലയാണ് കുര്‍ദ്ദിസ്ഥാന്‍. തുര്‍ക്കിയിലെ കുര്‍ദ്ദിഷ് സമൂഹം സര്‍ക്കാര്‍ നിരീക്ഷണത്തിനും, അടിച്ചമര്‍ത്തലിനും ഇരയായി കൊണ്ടിരിക്കുകയാണ്. അതിനാലാണ് തുര്‍ക്കിയുടെ നീക്കത്തെ സിറിയയിലെ കുര്‍ദ്ദിഷ് സമൂഹം ആശങ്കയോടെ നോക്കിക്കാണുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കയെ സഹായിച്ച കുര്‍ദ്ദിഷ് ജനസംഖ്യയില്‍ നിരവധി യസീദികളും, ക്രിസ്ത്യാനികളും ഉള്‍പ്പെടുന്നു. അമേരിക്ക തങ്ങളുടെ നടപടിയെ ന്യായീകരിക്കുന്നുണ്ടെങ്കിലും തുര്‍ക്കിയുടെ നീക്കത്തില്‍ അമേരിക്കയും ആശങ്കാകുലരാണ്. അമേരിക്കന്‍ പാസ്റ്റര്‍ ആന്‍ഡ്രൂ ബ്രന്‍സനെ തുര്‍ക്കി തടവിലാക്കിയപ്പോഴാണ് ട്രംപ് തുര്‍ക്കിക്ക് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന്‍ ബ്രന്‍സന്‍ മോചിപ്പിക്കപ്പെട്ടു.
അതേസമയം മേഖലയിലെ ക്രൈസ്തവരെ തുര്‍ക്കി പീഡിപ്പിക്കുകയാണെങ്കില്‍ തുര്‍ക്കിക്ക് മേല്‍ അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയെന്ന്‍ ഉറപ്പാക്കുവാന്‍ തങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന്‍ ഐ.ഡി.സി പ്രഖ്യാപിച്ചു. മികച്ച പോരാളികളായ കുര്‍ദ്ദുകളെ തങ്ങള്‍ ഒരുവിധത്തിലും കൈവിടില്ലെന്നാണ് ട്രംപ് പറയുന്നത്. അമേരിക്ക സൈന്യത്തെ പിന്‍വലിച്ചാല്‍ അത് മേഖലയിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ആഘാതമായിരിക്കുമെന്ന്‍ ഇര്‍ബിലിലെ കല്‍ദായ മെത്രാപ്പോലീത്ത ബാഷര്‍ അല്‍ അസദ് മാസങ്ങള്‍ക്ക് മുന്‍പേ പ്രസ്താവിച്ചിരിന്നു. ‘വംശഹത്യക്കിരയായിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യാനികളെ സഹായിക്കുന്ന കാര്യത്തില്‍ അമേരിക്ക ഇനി ഐക്യരാഷ്ട്രസഭയെ ആശ്രയിക്കില്ല’ എന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ 2017-ലെ പ്രഖ്യാപനത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഐ.ഡി.സി യുടെ പ്രസ്താവന അവസാനിക്കുന്നത്.