News - 2025
മാർപാപ്പയെ എതിർക്കുന്നവർ സഭയ്ക്ക് പുറത്ത്: സഭയിൽ വിഭാഗീയത സൃഷ്ടിക്കുന്നവർക്കെതിരെ കർദ്ദിനാൾ സാറ
സ്വന്തം ലേഖകന്‍ 10-10-2019 - Thursday
വത്തിക്കാന്‍ സിറ്റി: ഭൂമിയിലെ സഭയെ പ്രതിനിധീകരിക്കുന്നത് ക്രിസ്തുവിന്റെ വികാരിയായ മാർപാപ്പയാണെന്നും, മാർപാപ്പയ്ക്കെതിരേ നിൽക്കുന്നവർ അതിനാൽ തന്നെ സഭയ്ക്ക് പുറത്താണെന്നും ആരാധനയ്ക്കും, കൂദാശകൾക്കുമായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ റോബർട്ട് സാറ. മാർപാപ്പയുടെ എതിരാളിയായി തന്നെ ചിത്രീകരിക്കുന്നവർ, സഭയെ ഭിന്നിപ്പിക്കാനായി ശ്രമിക്കുന്ന സാത്താന്റെ ഉപകരണമായി മാറുകയാണെന്നും 'കൊറേറെ ഡെല്ല സേറാ' എന്ന ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കർദ്ദിനാൾ പറഞ്ഞു.
പ്രശ്നങ്ങളെയും, ഭിന്നിപ്പുകളെയും നേരിടേണ്ടി വരുന്നത് സഭയിൽ സർവ്വസാധാരണമാണെന്നും എന്നാൽ ക്രിസ്തുവിലുള്ള ഐക്യത്തിലേക്കാണ് എല്ലാ ക്രൈസ്തവരും വിളിക്കപ്പെട്ടിരിക്കുന്നതെന്നും സാറ കൂട്ടിചേര്‍ത്തു. കാലഘട്ടത്തിന് യോജിച്ച വ്യക്തികളെ തന്നെയാണ് സഭയ്ക്ക് എപ്പോഴും പാപ്പ സ്ഥാനത്ത് ലഭിക്കാറുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു. എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയും, ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ ചില മേഖലകളിൽ വ്യത്യസ്തത നിലനിൽക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ ഏതാനും വർഷമായി നമ്മൾക്ക് കാണാൻ സാധിച്ചതു പോലെ ഇരുവരും തമ്മിൽ, വലിയ യോജിപ്പിലാണ് മുമ്പോട്ട് പോകുന്നതെന്നും കർദ്ദിനാൾ സാറ പറഞ്ഞു.
അടുത്തിടെയാണ് അദ്ദേഹമെഴുതിയ 'ദി ഡേ ഈസ് നൗ ഫാർ സ്പെന്റ്' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഇഗ്നേഷ്യസ് പ്രസ്സ് അമേരിക്കയിൽ പ്രസിദ്ധീകരിച്ചത്. എമിരറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്കും, ഫ്രാൻസിസ് മാർപാപ്പയ്ക്കും, ലോകത്തിലെ മറ്റെല്ലാ വൈദികർക്കും വേണ്ടിയാണ് കർദ്ദിനാൾ റോബർട്ട് സാറ തന്റെ പുസ്തകം സമർപ്പിച്ചിരിക്കുന്നത്.