News - 2025

ഇസ്ലാമിക് സ്റ്റേറ്റ് തകർത്ത ക്രൈസ്തവ ദേവാലയങ്ങൾ പുനർനിർമ്മിക്കാൻ സഹായവുമായി യുഎഇ സർക്കാർ

സ്വന്തം ലേഖകന്‍ 14-10-2019 - Monday

2014ൽ ഇസ്ലാമിക് സ്റ്റേറ്റ് തകർത്ത ഇറാഖിലെ, മൊസൂൾ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന രണ്ട് ക്രൈസ്തവ ദേവാലയങ്ങൾ പുനർനിർമ്മിക്കാൻ യുനെസ്കോയുമായി യുഎഇ സർക്കാർ കരാർ ഒപ്പുവച്ചു. പാരീസിലുള്ള യുനെസ്കോയുടെ ആസ്ഥാനത്തു വച്ചായിരുന്നു യുഎഇ യുടെയും, യുനെസ്കോയുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ ചടങ്ങ് നടന്നത്.

യുഎഇ 2019 സഹിഷ്ണുതവർഷമായാണ് ആചരിക്കുന്നത്. ഇതിനോടനുബന്ധിച്ചാണ് ക്രൈസ്തവ ദേവാലയം പുതുക്കിപ്പണിയാനുള്ള സാമ്പത്തിക സഹായം അവർ നൽകുന്നത്. മൊസൂൾ പട്ടണത്തിന്റെ സാംസ്കാരിക പൈതൃകം വീണ്ടെടുക്കാനുള്ള 50.4 മില്യൻ ഡോളറിന്റെ പദ്ധതിയിൽ 2018 ഏപ്രിൽ മാസം യുഎഇ ഒപ്പുവച്ചിരുന്നു.

2014 ജൂൺ മാസം ഇസ്ലാമിക് സ്റ്റേറ്റ് മൊസൂൾ കീഴടക്കിയതിനുശേഷം ദീർഘനാൾ നീണ്ട പരിശ്രമത്തിനൊടുവിൽ 2017 ജൂലൈ മാസമാണ് പട്ടണം വീണ്ടെടുക്കാൻ സൈന്യത്തിന് സാധിച്ചത്. ഇതിനിടയിൽ ചരിത്രപ്രാധാന്യമുള്ള 28 ആരാധനാലയങ്ങൾ അവർ നശിപ്പിച്ചിരുന്നു. ഇതിൽ 800 വർഷം പഴക്കമുള്ള സിറിയൻ കത്തോലിക്കരുടെ അൽ തഹേരാ ദേവാലയവും ഉൾപ്പെടും.

യുഎഇ സാംസ്കാരിക മന്ത്രി നൂറ അൽ കാബിയും പാരീസിലെത്തിയിരുന്നു. കരാറിൽ ഒപ്പുവെച്ചതിലൂടെ അന്ധകാരം നിറഞ്ഞു നിൽക്കുന്ന ഈ സമയത്ത്, പ്രകാശത്തിന്റെ ഒരു സന്ദേശം നൽകാൻ സാധിക്കുമെന്ന് അവർ പറഞ്ഞു.യുനെസ്കോ ജനറൽ ഡയറക്ടർ ആഡ്രി അസൂലെയും ചടങ്ങിൽ സന്നിഹിതയായിരുന്നു.

More Archives >>

Page 1 of 497