News - 2025
ദയാവധം അവസാനിപ്പിക്കുന്നതിനു പ്രചാരണ പരിപാടികളുമായി ക്രിസ്ത്യന്‍ സംഘടന
സ്വന്തം ലേഖകന്‍ 15-10-2019 - Tuesday
ബെല്‍ജിയം: ദയാവധ നിയമങ്ങളെക്കുറിച്ചും അവ വ്യക്തികള്‍ക്കും സമൂഹത്തിനും ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനായി ക്രിസ്ത്യന്‍ സംഘടനയായ എഡിഎഫ് ഇന്റര്‍നാഷ്ണല്‍ അന്താരാഷ്ട്ര പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. “മാനുഷികാന്തസ്സ് ഉറപ്പിക്കുക-ദയാവധം അവസാനിപ്പിക്കുക” (അഫേം ഡിഗ്നിറ്റി- എന്‍ഡ് യൂത്തനേസിയ) എന്ന്‍ പേരിട്ടിരിക്കുന്ന പ്രചാരണ പരിപാടിയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍ ദയാവധത്തിന്റെ നിരക്ക് വലിയ രീതിയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ബെല്‍ജിയവും, നെതര്‍ലന്‍ഡ്‌സുമാണ്.
വ്യക്തിപരമായ അനുഭവ സാക്ഷ്യങ്ങള്‍, ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്ന നിയമ പോരാട്ടങ്ങള്‍, ഗവേഷണങ്ങള്‍ തുടങ്ങിയവയെ പ്രയോജനപ്പെടുത്തിക്കൊണ്ട് ദയാവധത്തിന്റെ പ്രതികൂലമായ സ്വാധീനം തുറന്നു കാട്ടുക എന്നതാണ് പ്രചാരണ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. 2014-ലാണ് ബെല്‍ജിയത്തിലെ ദയാവധ നിയമങ്ങള്‍ ഭേദഗതി ചെയ്തത്. പ്രായമായവര്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവന് യാതൊരു വിലയുമില്ലെന്ന് പ്രഖ്യാപിക്കുന്ന മാര്‍ഗ്ഗത്തിലൂടെയാണ് ബെല്‍ജിയം ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നും, ഏറ്റവും പുതിയ സര്‍ക്കാര്‍ റിപ്പോര്‍ട്ടനുസരിച്ച് ദിനംപ്രതി ആറിലധികം ആളുകള്‍ ബെല്‍ജിയത്തില്‍ ദയാവധത്തിനിരയാകുന്നുണ്ടെന്നും എഡി.എഫ് ഇന്റര്‍നാഷണലിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായ പോള്‍ കോള്‍മാന്‍ ചൂണ്ടിക്കാട്ടി.
ഇത് മറ്റുള്ള രാഷ്ട്രങ്ങള്‍ക്ക് അനുകരിക്കാവുന്ന ഒരു മാതൃകയല്ലെന്നും ദയാവധത്തിന്റെ ദോഷങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കുന്നതിനായി ബെല്‍ജിയത്തിലെ പൊതുസ്ഥലങ്ങളില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദയാവധ നിയമങ്ങള്‍ പ്രായമായവര്‍ ഉള്‍പ്പെടെയുള്ള ദുര്‍ബ്ബലവിഭാഗം ഒരു ഭാരംതന്നെയാണെന്ന് പറയാതെ പറയുകയാണ് ചെയ്യുന്നതെന്ന് എഡി.എഫ് ഇന്റര്‍നാഷണലിന്റെ യൂറോപ്പ്യന്‍ അഡ്വോക്കസി ഡയറക്ടറായ റോബര്‍ട്ട് ക്ലാര്‍ക്കിന്റെ അഭിപ്രായം.
ഈ പ്രചാരണം വഴി ഇതിനു വിരുദ്ധമായ ഒരു സന്ദേശം നല്‍കുവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യരുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന യേശു ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ അധിഷ്ഠിതമായ അന്താരാഷ്ട്ര സംഘടനയാണ് എഡി.എഫ് ഇന്റര്‍നാഷണല്‍. സംഘടനയുടെ ഈ പ്രചാരണ പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.