News
ഇന്ത്യ-പാക്ക് സമാധാന ചര്‍ച്ചകള്‍ക്ക് ആഹ്വാനവുമായി ലാഹോർ ആർച്ച് ബിഷപ്പ്
സ്വന്തം ലേഖകന്‍ 17-10-2019 - Thursday
ലാഹോര്‍: ഇന്ത്യ-പാക്ക് സമാധാന ചര്‍ച്ചകള്‍ക്ക് വഴികള്‍ തേടണമെന്നും ആഗോള തലത്തിൽ സമാധാനം രൂപപ്പെടുത്തിയെടുക്കാന്‍ ലോകനേതാക്കൾ ഉറച്ചുനിന്നാൽ അണുവായുധങ്ങൾ ഉപയോഗിക്കാനുള്ള ആവശ്യം ഉണ്ടാവില്ലെന്നും ലാഹോർ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഷാ. വിശുദ്ധ ഫ്രാൻസിസ് അസീസി, ഈജിപ്ഷ്യൻ സുൽത്താനായിരുന്ന മാലിക്ക് അൽ കമാലിനെ എണ്ണൂറു വർഷം മുമ്പ് കണ്ടതിന്റെ ഓർമ്മ പുതുക്കൽ ദിനത്തിൽ സെന്റ് മേരിസ് ദേവാലയത്തില്‍ നടന്ന സമ്മേളനത്തിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീർ വിഷയം മാറ്റിവെച്ച്, സുപ്രധാനമായ ഈ നാളുകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യതകള്‍ തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമാധാനം സൃഷ്ടിക്കാനും, മനുഷ്യരാശിയെ രക്ഷിക്കാനും ചർച്ചയുടെ പാതയിലൂടെ നീങ്ങാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടും ആർച്ച് ബിഷപ്പ് അഭ്യര്‍ത്ഥിച്ചു. ദേവാലയത്തിൽ പ്രവേശിക്കുന്നതിനു മുമ്പ്, ഐക്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞാബദ്ധത നവീകരിക്കുന്നതിന്റെ ഭാഗമായി വൈദികരും അൽമായരും സമാധാന പ്രതീകമായി തിരികൾ തെളിയിച്ചു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെയും, ഈജിപ്ഷ്യൻ സുൽത്താന്റെയും കൂടിക്കാഴ്ചയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പയും, അൽ അസർ യൂണിവേഴ്സിറ്റി ഗ്രാന്റ് ഇമാം അഹമ്മദ് അൽ തയാബും കഴിഞ്ഞ ഫെബ്രുവരിയില്‍ അബുദാബിയിൽ വച്ച് കണ്ടുമുട്ടിയത്.