News - 2025
ക്രൈസ്തവ വിശ്വാസം സ്വീകരിച്ച യുവാവ് ഉള്‍പ്പെടെ ഏഴുപേരെ ഇറാന്‍ മോചിപ്പിച്ചു
സ്വന്തം ലേഖകന്‍ 31-10-2019 - Thursday
ഇസ്ലാം മതം ഉപേക്ഷിച്ചു ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇബ്രാഹിം ഫിറോസി എന്ന യുവാവുൾപ്പെടെ ഏഴു രാഷ്ട്രീയത്തടവുകാരെ ഇറാൻ ജാമ്യത്തിൽ വിട്ടയച്ചതായി റിപ്പോർട്ട്. സംഭവം നടന്നിട്ട് ഒരു വർഷമായെങ്കിലും പ്രസ്തുത വാർത്ത സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ഇൻ ഇറാൻ എന്ന സംഘടന കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. ജാമ്യത്തിൽ വിട്ടവരുടെ പട്ടികയിൽ നാലു മാധ്യമപ്രവർത്തകരും, രണ്ട് ആക്ടിവിസ്റ്റുകളുമുണ്ട്. പ്രാദേശിക ഉറവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം സാധാരണയായി നടത്താറുള്ളത് പോലെ പൊതുവായി നടത്താറുള്ള ഒരു പ്രഖ്യാപനമില്ലാതെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഏത് അധികാര കേന്ദ്രത്തിൽ നിന്നാണ് ഇതിനുള്ള അനുവാദം ലഭിച്ചതെന്നും വ്യക്തമല്ല. ടെഹ്റാനു സമീപമുള്ള രാജി ഷാഹർ എന്ന ജയിലിലായിരുന്നു ഇബ്രാഹിം ഫിറോസി ശിക്ഷ അനുഭവിച്ചിരുന്നത്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി ഒരു ക്രൈസ്തവ സമൂഹം സൃഷ്ടിക്കാൻ ശ്രമിച്ചു എന്ന കുറ്റമായിരുന്നു അദ്ദേഹത്തിനുമേല്‍ ചുമത്തിയിരിന്നത്. ഇനിയും രണ്ടു വർഷം കൂടി ശിക്ഷ ബാക്കിനിൽക്കെയാണ് ഇബ്രാഹിം ഫിറോസി ജയിൽ മോചിതനാവുന്നത്. തീവ്ര ഇസ്ളാമിക നിലപാടുള്ള ഇറാനില്‍ ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ കടുത്ത പീഡനമേറ്റുവാങ്ങിയാണ് ജീവിതം നീക്കുന്നത്.