India - 2025

ധര്‍മഗിരി സന്യാസിനീ സമൂഹത്തിന്റെ പ്ലാറ്റിനം ജൂബിലിക്കു സമാപനം

01-11-2019 - Friday

കോതമംഗലം: ധര്‍മഗിരി (എംഎസ്‌ജെ) സന്യാസിനീ സമൂഹത്തിന്റെ പ്ലാറ്റിനം ജൂബിലിക്കു സമാപനമായി. കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടന്ന ജൂബിലി സമാപനച്ചടങ്ങ് സത്‌ന രൂപത ബിഷപ്പ് എമിരിറ്റസ് മാര്‍ മാത്യു വാണിയകിഴക്കേല്‍ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. കൃതജ്ഞതാ ബലിയില്‍ കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ദൈവദാസന്‍ ജോസഫ് പഞ്ഞിക്കാരന്‍ വിശുദ്ധ ജീവിതംകൊണ്ട് അടിത്തറപാകിയ സന്യാസിനീ സമൂഹമാണ് ധര്‍മഗിരിയെന്നു കുര്‍ബാനമധ്യേ നല്‍കിയ സന്ദേശത്തില്‍ ബിഷപ്പ് പറഞ്ഞു.

കേരള സീറോ മലബാര്‍ സഭയിലെ ആദ്യ എംഎ ബിരുദധാരിയായ ജോസഫ് പഞ്ഞിക്കാരന്‍ അന്നത്തെ കാലത്തു ലഭ്യമാകാവുന്ന സാധ്യതകളും പദവികളും ഉപേക്ഷിച്ചാണ് പൗരോഹിത്യ ശുശ്രൂഷയ്ക്കായി സ്വയം സമര്‍പ്പിച്ചത്. സാധുക്കളോടുള്ള സ്ഥാപക പിതാവിന്റെ കരുണയും ചൈതന്യവും ഉള്‍ക്കൊണ്ടാണ് എംഎസ്‌ജെ സന്യാസിനീ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ബിഷപ്പുമാരായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ മാത്യു വാണിയകിഴക്കേല്‍, മാര്‍ തോമസ് തറയില്‍, എംഎസ്ടി ജനറല്‍ കൗണ്‍സിലര്‍ ഫാ. പീറ്റര്‍ കാവുംപുറം എന്നിവര്‍ കൃതജ്ഞതാ ബലിയില്‍ സഹകാര്‍മികത്വം വഹിച്ചു. ചടങ്ങില്‍ 11 നവ സന്യാസാര്‍ഥിനികള്‍ സഭാവസ്ത്രം സ്വീകരിക്കുകയും പ്രഥമ വ്രത വാഗ്ദാനം നടത്തുകയും ചെയ്തു. ധര്‍മഗിരി സന്യാസിനീ സമൂഹത്തിലെ 10 സന്യാസിനികളുടെ വ്രത വാഗ്ദാനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷവും വ്രതവാഗ്ദാന നവീകരണവും ഇതോടൊപ്പം നടന്നു.

More Archives >>

Page 1 of 278