India - 2025

ഡല്‍ഹി മലയാളി ബൈബിള്‍ കണ്‍വെന്‍ഷന് നാളെ ആരംഭം

സ്വന്തം ലേഖകന്‍ 07-11-2019 - Thursday

ഡല്‍ഹി: ഫരീദാബാദ് രൂപതയിലെ മലയാളികളായ വിശ്വാസികള്‍ക്കായി എല്ലാ വര്‍ഷവും നടത്തിവരാറുള്ള സാന്തോം ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ ഡല്‍ഹി ത്യാഗരാജ സ്‌റ്റേഡിയത്തില്‍ തുടക്കമാകും. മക്കിയാട് ബനഡിക്ടന്‍ ധ്യാനകേന്ദ്രം ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ. ജോയി ചെമ്പകശേരി ഒഎസ്ബിയും ടീമുമാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്. രാവിലെ 8.30 ന് ആരംഭിക്കുന്ന കണ്‍വെന്‍ഷന് വൈകുന്നേരം 5.30 നു സമാപിക്കും. നാളെ സമൂഹബലിക്ക് രൂപത വികാരി ജനറാളും കൂരിയ അംഗങ്ങളും നേതൃത്വം നല്‍കും.

ഒന്‍പതാം തീയതി വിശുദ്ധ കുര്‍ബാനയ്ക്ക് രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും നവവൈദികരും കാര്‍മികത്വം വഹിക്കും. പ്രധാന കണ്‍വെന്‍ഷന്‍ ദിനമായ ഞായറാഴ്ച രൂപതയുടെ സഹായമെത്രാനായി നിയമിതനായ ബിഷപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടിലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയില്‍ രൂപതയിലെ എല്ലാ ഫൊറോനാ വികാരിമാരും ആലോചനസമിതി അംഗങ്ങളും വിവിധ സന്യാസ സമൂഹങ്ങളുടെ പ്രൊവിന്‍ഷ്യല്‍മാരും സഹകാര്‍മികരാകും. വചന ശുശൂഷ, വിവിധ വിടുതല്‍ ശുശ്രൂഷകള്‍, രോഗശാന്തി ശുശൂഷ, ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, ജപമാല എന്നിവ ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്ന കണ്വിന്‍ഷനില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി പതിനായിരങ്ങള്‍ പങ്കെടുക്കും.

അവസാന ദിനമായ ഞായറാഴ്ച്ച വൈകുന്നേരം നാലിന് രൂപതയുടെ നിയുക്ത സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലിന് സ്വീകരണം. തുടര്‍ന്ന് നടക്കുന്ന അനുമോദനയോഗത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അപ്പസ്‌തോലിക് ന്യുണ്ഷ്യോവ ജാംബസ്തിത ദി കാത്രോ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, മെത്രാന്മാര്‍, സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍, വൈദിക സന്യസ്ത അല്മായ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

More Archives >>

Page 1 of 279