News - 2025

തീവ്ര ഇസ്ലാമികത തലവേദനയാകുന്നു: ഓസ്ട്രിയക്കു പിന്നാലെ നിയന്ത്രണം കടുപ്പിച്ച് ഫ്രാന്‍സും

സ്വന്തം ലേഖകന്‍ 19-11-2019 - Tuesday

പാരീസ്: തീവ്ര ഇസ്ലാമികത പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഓസ്ട്രിയക്ക് പിന്നാലെ ശക്തമായ നിലപാടുമായി ഫ്രഞ്ച് ഭരണകൂടവും. ഇസ്ലാമിക മതമൗലീകവാദവുമായി ബന്ധപ്പെട്ട പന്ത്രണ്ട് ആരാധനാ കേന്ദ്രങ്ങളും, മൂന്നു സ്കൂളുകളും, ഒന്‍പതോളം ഇസ്ളാമിക അസോസിയേഷനുകളും അടച്ചുപൂട്ടിയതായി ഫ്രഞ്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഫ്രഞ്ച് ആഭ്യന്തര സ്റ്റേറ്റ് സെക്രട്ടറി ലോറെന്റ് നുനെസാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മതമൗലീകവാദത്തെ തടയുവാനുള്ള ദേശീയപദ്ധതി (പ്ലാന്‍ ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് റാഡിക്കലൈസേഷന്‍) യുടെ ഭാഗമായിട്ടാണ് നിലവിലെ നടപടിയെന്ന് ഫ്രഞ്ച് ദിനപത്രമായ ‘ലെ പരിസിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പരമാധികാര രാഷ്ട്രത്തിന്റെ നിയമത്തിനും മേലെയാണ് മതനിയമമെന്ന് പറയുന്ന ഇസ്ലാമികതക്കെതിരെ തങ്ങള്‍ പോരാട്ടത്തിലാണെന്നു ലോറെന്റ് നൂനെസ് പറഞ്ഞു. ഇസ്ലാമിക രാഷ്ട്രീയതയെ ചെറുക്കുമെന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും പ്രഖ്യാപിച്ചിരുന്നു. ദൈവത്തില്‍ വിശ്വസിക്കുവാനോ വിശ്വസിക്കാതിരിക്കാനോ ഉള്ള അവകാശമാണ് മതേതരത്വം, അല്ലാതെ രാഷ്ട്രത്തിന്റെ നിയമങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട് ഒരു മതത്തിന്റെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കലല്ലായെന്നാണ് മാക്രോണ്‍ തന്റെ പ്രഖ്യാപനത്തില്‍ പറഞ്ഞത്.

‘സലഫിസം’ പോലെയുള്ള തീവ്ര ഇസ്ലാമിക ആശയങ്ങള്‍ ഫ്രാന്‍സിലെ ഇസ്ലാമിക കേന്ദ്രങ്ങളില്‍ വ്യാപകമാണെന്ന് മോണ്ടയിനെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫ്രഞ്ച്-ടുണീഷ്യന്‍ ഇസ്ലാമിക പണ്ഡിതനായ ഹക്കിം എല്‍ കരോയി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതു സംബന്ധിച്ച് ഒരു റിപ്പോര്‍ട്ടും അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റിന് സമര്‍പ്പിച്ചു. തീവ്ര ഇസ്ലാമിക ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മുസ്ലീം പള്ളികള്‍ക്കും സംഘടനകള്‍ക്കും തുര്‍ക്കി, സൗദി അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായത്തിലുള്ള വര്‍ദ്ധനവ് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. മത മൗലികവാദത്തിനെതിരെ കടുത്ത നടപടിയുമായി നേരത്തെ ഓസ്ട്രിയയും രംഗത്ത് വന്നിരിന്നു. ഇതിന്റെ ഭാഗമായി നിരവധി മുസ്ലിം ആരാധനാലയങ്ങളാണ് ഓസ്ട്രിയന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയത്.

More Archives >>

Page 1 of 505