Life In Christ - 2025

“എന്ത് സംഭവിച്ചാലും ഞങ്ങള്‍ വിശുദ്ധ കുര്‍ബാന മുടക്കില്ല”: വീണ്ടും മാര്‍ക്ക് വാല്‍ബെര്‍ഗിന്റെ വിശ്വാസ സാക്ഷ്യം

സ്വന്തം ലേഖകന്‍ 21-11-2019 - Thursday

ന്യൂയോര്‍ക്ക്: തന്റെ കത്തോലിക്ക വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞുകൊണ്ട് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ലോക പ്രശസ്ത ഹോളിവുഡ് നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗ് വീണ്ടും വിശ്വാസികള്‍ക്കിടയില്‍ താരമാകുന്നു. ഈ അടുത്തിടെ തനിക്കും തന്റെ രണ്ട് സുഹൃത്തുക്കള്‍ക്കും വേണ്ടി വിശുദ്ധ കുര്‍ബാന ചൊല്ലിയ ഫാ. യൂജിന് നന്ദി പറഞ്ഞുകൊണ്ട് വാല്‍ബെര്‍ഗ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത ഫോട്ടോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയാണ്. “എന്ത് സംഭവിച്ചാലും ഞങ്ങള്‍ വിശുദ്ധ കുര്‍ബാന മുടക്കില്ല. നന്ദി ഫാദര്‍ യൂജിന്‍” എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

വളരെ മികച്ച പ്രതികരണമാണ് ഫോട്ടോക്ക് ഇന്‍സ്റ്റാഗ്രാമില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏതാണ്ട് മൂവായിരത്തോളം കമന്റുകളാണ് ഇതിനോടകം തന്നെ ഈ ഫോട്ടോക്കു ലഭിച്ചിരിക്കുന്നത്. നടന്‍ മാരിയോ ലോപെസ്, ദി കാത്തലിക് ട്രാവലര്‍.കോം എന്ന വെബ്സൈറ്റിന്റെ ഉടമ മൗണ്ടന്‍ ബുട്ടോറാക്ക് തുടങ്ങിയ പ്രശസ്തരും ഇതില്‍ ഉള്‍പ്പെടുന്നു. വാല്‍ബെര്‍ഗിനെപ്പോലെയൊരാള്‍ തന്റെ വിശ്വാസം പരസ്യമാക്കിയതില്‍ ദൈവത്തിനു നന്ദി പറയുന്നുവെന്ന് പലരും കമന്റ് ചെയ്തിരിക്കുന്നു. വാല്‍ബെര്‍ഗിന്റെ ഭാര്യയും സുപ്രസിദ്ധ മോഡലുമായ റിയ ദര്‍ഹാം 2009­-ലാണ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്.

അടിയുറച്ച കത്തോലിക്കാ വിശ്വാസിയായ വാല്‍ബെര്‍ഗ് ഇതാദ്യമായല്ല തന്റെ ദൈവവിശ്വാസം പരസ്യമാക്കുന്നത്. ‘ട്രാന്‍സ്ഫോര്‍മേഴ്സ് ലാസ്റ്റ് നൈറ്റ്’ എന്ന സയന്റിഫിക് ഫിക്ഷന്‍ ത്രീഡി ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തി വാല്‍ബെര്‍ഗ് ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പോയതും, തന്റെ ജീവിതത്തില്‍ പുരോഹിതര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും, അതിനാല്‍ പൗരോഹിത്യമെന്ന ദൈവവിളിക്കായി താന്‍ പ്രാര്‍ത്ഥിക്കുമെന്ന്‍ പറഞ്ഞുകൊണ്ട് പോസ്റ്റ്‌ ചെയ്ത വീഡിയോയും വലിയ വാര്‍ത്തയായിരുന്നു.

‘ടെഡ്’ എന്ന കോമഡി ഫിലിം പരമ്പരയില്‍ സ്വവര്‍ഗ്ഗവിവാഹത്തെ പിന്തുണച്ചു കൊണ്ട് അഭിനയിച്ചിരിന്നു. എന്നാല്‍ വാല്‍ബെര്‍ഗ് പിന്നീട് ഖേദപ്രകടനം നടത്തി. പൊതുജന സമക്ഷം ദൈവവിശ്വാസം ഏറ്റുപറയുവാന്‍ മടികാണിക്കുന്നവര്‍ക്കുള്ള ശക്തമായ ഉത്തരമായി മാറുകയാണ് മാര്‍ക്ക് വാല്‍ബെര്‍ഗ്.





More Archives >>

Page 1 of 20