Life In Christ - 2024

പാപ്പ ജപ്പാനില്‍: ജീവ ത്യാഗം ചെയ്ത രഹസ്യ ക്രിസ്ത്യാനികളെ പ്രത്യേകം അനുസ്മരിക്കും

സ്വന്തം ലേഖകന്‍ 24-11-2019 - Sunday

ടോക്കിയോ: ജീവന്റേയും സൃഷ്ടിയുടേയും സംരക്ഷണമെന്ന പ്രമേയവുമായി ഫ്രാന്‍സിസ് പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന് ആരംഭം. ത്രിദിന സന്ദര്‍ശനത്തിനിടെ നാഗസാക്കി സന്ദര്‍ശിക്കുമ്പോള്‍ ക്രൂരമായ മതപീഡനങ്ങള്‍ക്കിടയിലും നൂറ്റാണ്ടുകളോളം രഹസ്യമായി തങ്ങളുടെ വിശ്വാസം മുറുകെപ്പിടിച്ച ‘കാകുരെ കിരിഷിതാന്‍’ എന്ന രഹസ്യ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പാപ്പ പ്രത്യേകം പ്രാര്‍ത്ഥിക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്രൈസ്തവര്‍ക്കെതിരെ ഏറ്റവും ക്രൂരവും ഭീകരവുമായ പീഡനമുറകള്‍ അവലംബിച്ച ദേശങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജപ്പാനില്‍ രഹസ്യമായി ക്രൈസ്തവ വിശ്വാസം മുറുകെപ്പിടിച്ചവരുടെ പിന്‍ഗാമികള്‍ ഇന്നും ആ വിശ്വാസ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നുണ്ട്. കാകുരെ കിരിഷിതാന്റെ നാഗസാക്കിയിലുള്ള ‘26 രക്തസാക്ഷികളുടെ സ്മാരകം’ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പുരോഹിതരും ബൈബിളുകളും ഇല്ലാതെ ഇത്രയും കാലം തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ച ജാപ്പനീസ് ക്രിസ്ത്യാനികളുടെ വിശ്വാസ സാക്ഷ്യം അതിശക്തമാണ്. 1549-ല്‍ ജപ്പാനിലെ കഗോഷിമയിലെത്തിയ സ്പാനിഷ് മിഷ്ണറിയായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ചുവട് പിടിച്ചാണ് രാജ്യത്തു ക്രൈസ്തവ വിശ്വാസം വ്യാപിച്ചത്. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനു ശേഷം പോര്‍ച്ചുഗീസുകാര്‍ ജപ്പാനിലെത്തുകയും ആയിരകണക്കിന് പേരെ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്തു. എന്നാല്‍ ഈ വിജയം ക്രിസ്തീയ വിശ്വാസത്തിന്റെ നിരോധനത്തിലാണ് കലാശിച്ചത്. പുരോഹിതരെ പുറത്താക്കുകയും, വിശ്വാസമുപേക്ഷിക്കുവാന്‍ തയ്യാറാകാത്തവരെ കുരിശിലേറ്റുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ക്രൈസ്തവ വിശ്വാസത്തെ ഇല്ലാതാക്കിയില്ല.

വിശ്വാസികള്‍ ജീവന്‍ പണയം വെച്ചും തങ്ങളുടെ വിശ്വാസം മറ്റുള്ളവരില്‍ നിന്നും മറച്ചുപിടിച്ചു. ജാപ്പനീസും, ലാറ്റിനും, പോര്‍ച്ചുഗീസും ഇടകലര്‍ന്ന ഒരാഷോ എന്ന പ്രാര്‍ത്ഥനയും, കുരിശുവരയും, അക്രാപ്പെല്ല സ്തുതികളുമായി അന്നത്തെ ക്രിസ്ത്യന്‍ പാരമ്പര്യത്തിന്റെ ചില സവിശേഷതകള്‍ ഇന്നും പ്രാദേശിക ക്രിസ്ത്യാനികളില്‍ കാണാം. മൃഗീയമായ മതപീഡനത്തിനിടയിലും രഹസ്യമായി അതുല്യവും, സവിശേഷവുമായ പ്രത്യേക വിശ്വാസ പാരമ്പര്യം വളര്‍ത്തിയെടുത്ത ജപ്പാനിലെ രഹസ്യ ക്രിസ്ത്യാനികളില്‍ ലോകത്തിന്റെ ശ്രദ്ധ പതിയുന്നതിന് പാപ്പയുടെ സന്ദര്‍ശനം കാരണമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

More Archives >>

Page 1 of 20