News - 2024

ഇറാഖിലെയും നൈജീരിയയിലെയും ക്രൈസ്തവരുടെ അവസ്ഥ യൂറോപ്പിലും വരാം: മുന്നറിയിപ്പുമായി ഹംഗറി പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍ 29-11-2019 - Friday

ബുഡാപെസ്റ്റ്: യൂറോപ്പിന്റെ മതപരവും, സാംസ്കാരികവും, ജനസംഖ്യാപരവുമായ സ്വഭാവം വേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും സമീപ ഭാവിയില്‍ ഇറാഖ്, സിറിയ, നൈജീരിയ തുടങ്ങിയ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലേപ്പോലെ വിശ്വാസത്തിന്റെ പേരിലുള്ള കടുത്ത ക്രൈസ്തവ വിരുദ്ധ മതപീഡനം യൂറോപ്പിലും താന്‍ മുന്‍കൂട്ടി കാണുന്നുണ്ടെന്ന് ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍. യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള കടുത്ത മതപീഡനം പലരും വിചാരിക്കുന്നതിനേക്കാള്‍ അടുത്താണെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. ആഗോളതലത്തില്‍ മതപീഡനത്തിനിരയായി കൊണ്ടിരിക്കുന്ന ക്രൈസ്തവരെ സംബന്ധിച്ച് ഹംഗറി സര്‍ക്കാര്‍ ബുഡാപെസ്റ്റില്‍ സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ ക്രിസ്ത്യന്‍ വേരുകള്‍ക്കും, വ്യക്തിത്വത്തിനുമൊപ്പം യഥാര്‍ത്ഥ ക്രിസ്ത്യന്‍ മൂല്യങ്ങളിലേക്ക് തിരികെ പോകുക മാത്രമാണ് യൂറോപ്പിനെ രക്ഷിക്കുവാനുള്ള ഏക പോംവഴിയെന്ന്‍ ഓര്‍ബന്‍ ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമായി ഏതാണ്ട് 24.5 കോടി ക്രൈസ്തവര്‍ മതപീഡനത്തിനു ഇരയാകുന്നുണ്ട്. അഞ്ചു ക്രൈസ്തവരെ പരിഗണിച്ചാല്‍ അതില്‍ നാലു പേരും ഏതെങ്കിലും വിധത്തിലുള്ള മതപീഡനത്തിനിരയായി കൊണ്ടിരിക്കുകയാണ്. യൂറോപ്പ് ഇക്കാര്യത്തില്‍ നിശബ്ദത പുലര്‍ത്തുകയാണെന്ന് ഓര്‍ബാന്‍ ആരോപിച്ചു.

ഇതെല്ലാം പൊതുവായ മനുഷ്യാവകാശ പ്രശ്നങ്ങളുടെ ഭാഗമാണെന്ന് പറഞ്ഞുകൊണ്ട് ഒന്നും ചെയ്യാതെ ഇരിക്കുന്ന തളര്‍വാത രോഗികളായി യൂറോപ്പിലെ രാഷ്ട്രീയക്കാര്‍ മാറിയെന്ന കടുത്ത വിമര്‍ശനവും ഓര്‍ബാന്‍ തന്റെ സന്ദേശത്തില്‍ നടത്തി.

ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തിയേയും, അധികാരത്തേയും, ദേശീയതയേക്കുറിച്ചും തങ്ങളുടെ ഭരണഘടനയില്‍ തന്നെ പറയുന്നുണ്ടെന്നും, പീഡിതരായ ക്രൈസ്തവര്‍ക്ക് വേണ്ടി ലോകത്ത് ആദ്യമായി ഒരു സര്‍ക്കാര്‍ മന്ത്രാലയം സ്ഥാപിച്ച രാഷ്ട്രം ഹംഗറിയാണെന്നും ഒര്‍ബാന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇപ്പോള്‍ സഹായിച്ചുകൊണ്ടിരിക്കുന്ന മതപീഡനത്തിനിരയായികൊണ്ടിരിക്കുന്ന ക്രിസ്ത്യാനികളില്‍ നിന്നുമാണ് യൂറോപ്പ്യന്‍ ഭൂഖണ്ഡത്തെ രക്ഷിക്കുവാനുള്ള ഏറ്റവും വലിയ സഹായം ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

“ഞങ്ങള്‍ ഒരു വിത്ത് വിതക്കുകയാണ്, മതപീഡനത്തിനിരയായ ക്രൈസ്തവര്‍ക്ക് വേണ്ടത് നല്‍കുകയും പകരം ക്രിസ്ത്യന്‍ വിശ്വാസവും, സ്നേഹവും, സ്ഥിരതയും അവരില്‍ നിന്നും സ്വീകരിക്കുകയും ചെയ്യുന്നു”- ഓര്‍ബാന്‍ വിവരിച്ചു. ലോക രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ക്രൈസ്തവര്‍ക്കെതിരായ മതപീഡനം സംബന്ധിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഇന്നലെയാണ് സമാപിച്ചത്. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രമുഖ ക്രിസ്ത്യന്‍ നേതാക്കളും പ്രതിനിധികളും കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു.

More Archives >>

Page 1 of 507