News - 2024

സാത്താന്‍ പ്രതീകമല്ല, യാഥാര്‍ത്ഥ്യം: ഈശോസഭ സുപ്പീരിയര്‍ ജനറല്‍ പ്രസ്താവന തിരുത്തി

സ്വന്തം ലേഖകന്‍ 07-12-2019 - Saturday

വത്തിക്കാന്‍ സിറ്റി: സാത്താൻ എന്നത് ഒരു വ്യക്തിയല്ലായെന്നും അത് പ്രതീകാത്മകമാണെന്നുമുള്ള പ്രസ്താവന വിവാദമായതിന് പിന്നാലെ സാത്താന്‍ യാഥാര്‍ത്ഥ്യമാണെന്ന തിരുത്തലുമായി ഈശോസഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. അർതുറോ സോസ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വാര്‍ത്താമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാത്താന്‍ ദൈവത്തെ നിരാകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ സാത്താന്‍ വെറുമൊരു പ്രതീകമാണെന്നും, വ്യക്തിയല്ലെന്നും അദ്ദേഹം നടത്തിയ പ്രസ്താവന വന്‍ ചര്‍ച്ചക്കു വഴി തെളിയിച്ചിരിന്നു.

ക്രിസ്തുവിലൂടെയുള്ള ദൈവീക രക്ഷാകരപദ്ധതിക്ക് വിഘാതമായി നില്‍ക്കുന്നവനാണ് സാത്താന്‍. ഒരിക്കലും തിരുത്താനാവാത്ത സ്വതന്ത്ര തീരുമാനം എടുത്ത സാത്താന്‍ കരുണാമയനായ ദൈവത്തെ നിഷേധിക്കുവാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നുവെന്നും, നമ്മുടെ പ്രയത്നങ്ങളെ നശിപ്പിക്കുവാന്‍ ശ്രമിക്കുന്ന ഒരു ശക്തിയായി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഫാ. സോസ കഴിഞ്ഞ ദിവസം വിവരിച്ചു. നേരത്തെ ഓഗസ്റ്റ് 21-ന് ഇറ്റാലിയന്‍ മാഗസിനായ ടെംബിക്ക് നല്‍കിയ അഭിമുഖത്തിലാണ് സാത്താന്‍ വെറുമൊരു പ്രതീകവും, തിന്മചെയ്യുവാനുള്ള ഒരു മാര്‍ഗ്ഗമാണെന്നും ഫാ. സോസ പറഞ്ഞത്.

സാത്താന്‍ വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും സാത്താന്‍ ഒരിക്കലും ഒരു വ്യക്തിയല്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളില്‍ നിന്നും വ്യത്യസ്തമായൊരു അഭിപ്രായ പ്രകടനമായിരുന്നു അത്. 2016-ലാണ് വെനിസ്വേലന്‍ സ്വദേശിയും എഴുപത്തിയൊന്നുകാരനുമായ ഫാ. അര്‍തുറോ സോസ ഈശോസഭയുടെ സുപ്പീരിയര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ടത്.

More Archives >>

Page 1 of 508