News - 2025
പാപ്പയ്ക്കു ഡസ്റ്റര്‍ സമ്മാനിച്ച് റെനോൾട്ട് ഗ്രൂപ്പ്
സ്വന്തം ലേഖകന്‍ 03-12-2019 - Tuesday
വത്തിക്കാൻ സിറ്റി: മുൻനിര വാഹന നിർമാതാക്കളായ റെനോൾട്ട് ഗ്രൂപ്പ് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പക്ക് പുത്തൻ ഡസ്റ്റർ സമ്മാനിച്ചു. പോപ് മൊബൈലിലെ പരിഷ്‌കാരങ്ങൾ സഹിതമാണു ഫ്രഞ്ച് കമ്പനിയായ റെനോൾട്ടിന്റെ ഡസ്റ്റര്‍ മോഡലിന്റെ ചെറു വാഹനം കൈമാറിയിരിക്കുന്നത്. അഞ്ചു സീറ്റുകൾ തന്നെയാണ് പാപ്പയ്ക്ക് സമ്മാനിച്ച വാഹനത്തിലുമുള്ളത്. വിശ്വാസികൾക്ക് പൊതുസന്ദർശനവേളയിൽ പാപ്പയ്ക്ക് വാഹനത്തിൽ ദീർഘസമയം സഞ്ചരിക്കേണ്ടി വരുന്നതിനാൽ ഡസ്റ്ററിന്റെ പിൻസീറ്റ് കൂടുതൽ സുഖകരമാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
മേൽക്കുരയിൽ ഘടിപ്പിച്ച ഗ്രാബ് ഹാൻഡൽ, വലിപ്പമേറിയ സൺറൂഫ്, പാപ്പയെ വ്യക്തമായി കാണാൻ അവസരമൊരുക്കുന്ന സ്ഫടിക കാബിനറ്റ് തുടങ്ങിയവയൊക്കെ വാഹനത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ലതർ ഇന്റീരിയർ സഹിതമെത്തുന്ന ഡസ്റ്ററിന് വെള്ള നിറമാണുള്ളത്. ഒപ്പം പാപ്പയ്ക്ക് അനായാസം കയറാനും ഇറങ്ങാനും സഹായകമാവുംവിധത്തിൽ വാഹനത്തിന്റെ സസ്‌പെൻഷൻ 30 എം.എം താഴ്ത്തിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം റൊമാനിയ മാനേജിങ് ഡയറക്ടർ കിറ്റോഫ് റിഡിയും ഗ്രൂപ്പ് റെനോ ഇറ്റലി ജനറൽ മാനേജർ സേവിയർ മാർട്ടിനെറ്റും ചേർന്നാണ് ഡസ്റ്റർ പാപ്പയ്ക്ക് കൈമാറിയത്.