Life In Christ - 2025

പാപ്പയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നു ഇറ്റലിയിലേക്ക് 33 അഭയാര്‍ത്ഥികള്‍ കൂടി

സ്വന്തം ലേഖകന്‍ 03-12-2019 - Tuesday

റോം: ഗ്രീക്ക് ദ്വീപായ ലെസ്ബോസില്‍ നിന്നും അഭയം തേടി ഇറ്റലിയിലെത്തുന്ന അഫ്ഘാനിസ്ഥാന്‍, ടോഗോ, കാമറൂണ്‍ സ്വദേശികളായ മുപ്പത്തിമൂന്നു പേരെ ഈ വരുന്ന വ്യാഴാഴ്ച വത്തിക്കാന്‍ സ്വാഗതം ചെയ്യും. പേപ്പല്‍ ചാരിറ്റീസ് വിഭാഗം തലവനായ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജേവ്സ്കിക്കൊപ്പമാണ് ഇവര്‍ ഇറ്റലിയിലെത്തുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ ഇടപെടല്‍ നിമിത്തമാണ് ഇവര്‍ക്ക് ഇറ്റലിയില്‍ അഭയം നല്‍കുന്നത്. സ്വന്തം രാജ്യങ്ങളിലെ കലാപ കലുഷിതവും, പരിതാപകരവുമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ യൂറോപ്പ് എന്ന സ്വപ്നവുമായി ലെസ്ബോസ് ദ്വീപില്‍ കുടുങ്ങിക്കിടക്കുന്ന അഭയാര്‍ത്ഥി കുടുംബങ്ങളോട് മാനുഷികമായ കരുണ കാണിക്കുവാനും, അവര്‍ക്ക് ഇറ്റലിയില്‍ അഭയം ലഭിക്കുന്നതിന് വേണ്ടത് ചെയ്യുവാനും പാപ്പ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജേവ്സ്കിയോട് ആവശ്യപ്പെട്ടിരിരുന്നു.

ഇതേതുടര്‍ന്ന്‍ വത്തിക്കാന്‍ ചാരിറ്റീസ് കാര്യാലയവും, ഇറ്റലിയുടെ ആഭ്യന്തര മന്ത്രാലയവും തമ്മില്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കുടുംബങ്ങള്‍ക്ക് ഇറ്റലിയില്‍ അഭയം ലഭിക്കുവാനുള്ള സാഹചര്യമൊരുങ്ങിയത്. അഭയാര്‍ത്ഥികളുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്റെ പേപ്പല്‍ ചാരിറ്റി കാര്യാലയവും, സമാധാന പുനഃസ്ഥാപനത്തിലും, പാവങ്ങളെ സഹായിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അത്മായ കൂട്ടായ്മയുമായ ‘സാന്റ് എഗീഡിയോ കമ്യൂണിറ്റി’യുമായിരിക്കും അഭയാര്‍ത്ഥികളുടെ തുടര്‍ന്നുള്ള കാര്യങ്ങള്‍ നോക്കിനടത്തുക.

സിറിയ, അഫ്ഘാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലേക്ക് കുടിയേറുന്നവരുടെ പ്രധാന കേന്ദ്രമാണ് ലെസ്ബോസ് ദ്വീപ്‌. 2016-ല്‍ ഫ്രാന്‍സിസ് പാപ്പ ഈ ദ്വീപ്‌ സന്ദര്‍ശിച്ചിരുന്നു. തന്റെ മടക്കയാത്രയില്‍ അഭയാര്‍ത്ഥികളായ മൂന്ന്‍ സിറിയന്‍ കുടുംബങ്ങളേയും അദ്ദേഹം കൂടെ കൂട്ടി. രണ്ടു മാസങ്ങള്‍ക്ക് ശേഷം മറ്റൊരു സിറിയന്‍ അഭയാര്‍ത്ഥി സംഘം കൂടി ഇറ്റലിയിലെത്തി. അതേസമയം പത്തു പേരടങ്ങുന്ന മറ്റൊരു സംഘം ഈ മാസാവസാനം ഇറ്റലിയില്‍ എത്തിച്ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്.

More Archives >>

Page 1 of 22