News - 2024
ഗാസ ക്രൈസ്തവര്‍ക്ക് ഇത്തവണയും വിശുദ്ധ നാട് സന്ദര്‍ശിക്കുവാന്‍ അനുവാദമില്ല
സ്വന്തം ലേഖകന്‍ 16-12-2019 - Monday
ജറുസലേം: ഗാസയിൽ നിന്നുള്ള ക്രൈസ്തവര്‍ക്ക് ക്രിസ്തുമസിനോട് അനുബന്ധിച്ച് വിശുദ്ധ നാടായ ഇസ്രായേലിലേക്ക് ഇത്തവണയും യാത്രാനുമതി നിഷേധിച്ചതായി വീണ്ടും പരാതി. കഴിഞ്ഞ വര്‍ഷവും ഇതേ പരാതി ഉയര്‍ന്നിരിന്നു. ബെത്‌ലഹേം, നസ്രത്ത്, ജറുസലേം എന്നിവിടങ്ങളിൽ ക്രിസ്തുമസിനോടനുബന്ധിച്ച് സന്ദർശനം നടത്തുവാൻ നൂറുകണക്കിന് വിശ്വാസികളാണ് പതിവായി അപേക്ഷ സമർപ്പിക്കാറുള്ളത്. എന്നാൽ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി അനുമതി നൽകാൻ അധികൃതർ വിസമ്മതിക്കുകയായിരുന്നു.
ഗാസ ഒഴികെ ലോകത്തെവിടെനിന്നുമുള്ളവർക്ക് ബത്‌ലഹേമിലേയ്ക്ക് പോകാൻ അനുവാദമുണ്ടെന്നും ഗാസയിലെ ക്രിസ്ത്യാനികൾക്കും ആ അവകാശം ഉണ്ടായിരിക്കണമെന്ന് തങ്ങള്‍ കരുതുന്നതായും പ്രാദേശിക സഭാനേതാക്കളുടെ ഉപദേശകനായ വാഡി അബു നാസർ പറഞ്ഞു. 2016-ലെ ക്രിസ്തുമസ് വേളയിൽ ഗാസയില്‍ നിന്നുള്ള അറുനൂറിലധികം അപേക്ഷകൾക്ക് ഭരണകൂടം അനുവാദം നല്‍കിയിരിന്നു. എന്നാല്‍ മുന്നോട്ട് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ അപേക്ഷ നിരസിക്കുകയാണെന്നാണ് പൊതുവില്‍ ഉയരുന്ന ആക്ഷേപം.