News - 2024

2019-ല്‍ ആരാധനാലയങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ വന്‍ വര്‍ദ്ധനവ്

സ്വന്തം ലേഖകന്‍ 16-12-2019 - Monday

ആഗോള തലത്തില്‍ ആരാധനാലയങ്ങളെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ നടത്തുന്ന പ്രവണത 2019-ല്‍ അപകടകരമാംവിധം വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ആഗോളതലത്തില്‍ ഈ വര്‍ഷം ക്രിസ്ത്യന്‍ ദേവാലയങ്ങളാണ് കൂടുതലായും ആക്രമിക്കപ്പെട്ടതെങ്കിലും, സിനഗോഗുകളും, ബുദ്ധക്ഷേത്രങ്ങളും മോസ്കുകകളും ആക്രമിക്കപ്പെടുന്നതിനും 2019 സാക്ഷ്യം വഹിച്ചുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പോവെ, കാലിഫോര്‍ണിയ, പിറ്റ്സ്ബര്‍ഗ്, പെന്‍സില്‍വാനിയ, ശ്രീലങ്ക, ന്യൂസിലന്‍ഡ്‌ എന്നിവിടങ്ങളില്‍ ക്രൈസ്തവരും, യഹൂദരും, മുസ്ലീങ്ങളും, ബുദ്ധിസ്റ്റുകളും തങ്ങളുടെ ആരാധനാലയങ്ങളില്‍ ആക്രമിക്കപ്പെട്ടു. നൂറുകണക്കിന് പുരോഹിതരും വിശ്വാസികളുമാണ് ഇക്കാലയളവില്‍ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

2019 ജനുവരി മാസത്തിലെ രണ്ടാഴ്ച കാലയളവില്‍ നടന്ന സംഭവങ്ങള്‍ തന്നെ അപകടകരമായ ഈ പ്രവണതയുടെ വ്യാപ്തി വ്യക്തമാക്കുന്നു. ജനുവരി 18-ന് തായ്ലന്‍ഡിലെ ബുദ്ധിസ്റ്റ് ക്ഷേത്രത്തിലുണ്ടായ ആക്രമണത്തില്‍ ആശ്രമാധിപതി ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ജനുവരിയില്‍ തന്നെ ഫിലിപ്പീന്‍സിലെ മുസ്ലീം ഭൂരിപക്ഷമേഖലയായ ജോളോയിലെ കത്തോലിക്കാ ദേവാലയത്തിന് നേര്‍ക്കുണ്ടായ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും, നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന്‍ ദിവസങ്ങള്‍ക്കുള്ളില്‍ തൊട്ടടുത്തുള്ള നഗരത്തിലെ മുസ്ലീം പള്ളിക്ക് നേര്‍ക്കുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടു മതാദ്ധ്യാപകരും കൊല്ലപ്പെട്ടിരിന്നു.

ആയുധധാരിയായ മാര്‍ച്ചില്‍ ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു മുസ്ലീം പള്ളികളില്‍ നടത്തിയ ആക്രമണത്തില്‍ 51 പേരാണ് കൊല്ലപ്പെട്ടത്. അധികം വൈകാതെ ഏപ്രില്‍ മാസത്തിലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ രണ്ടു കത്തോലിക്കാ ദേവാലയങ്ങളിലും, ഒരു പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലും നടന്ന ആക്രമണങ്ങള്‍ ലോക മനസാക്ഷിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ ഏതാണ്ട് 260 പേരാണ് കൊല്ലപ്പെട്ടത്. കൃത്യം 6 ദിവസങ്ങള്‍ക്ക് ശേഷം കാലിഫോര്‍ണിയയിലെ പൊവേയിലുള്ള സിനഗോഗ് ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും റബ്ബി ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 11 പേര്‍ കൊല്ലപ്പെട്ട പിറ്റ്സ്ബര്‍ഗിലെ സിനഗോഗ് ആക്രമണത്തിനു 6 മാസങ്ങള്‍ക്ക് ശേഷമാണ് ഈ ആക്രമണം. ഒക്ടോബറില്‍ ജര്‍മ്മനിയിലെ ഒരു സിനഗോഗിനു നേര്‍ക്കും ആക്രമണ ശ്രമം ഉണ്ടായി.

ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്നിനു പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ബുര്‍ക്കിനാഫാസോയിലെ പ്രൊട്ടസ്റ്റന്റ് ദേവാലയത്തിന് നേര്‍ക്ക് അജ്ഞാതരായ അക്രമികള്‍ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മതതീവ്രവാദ ആശയങ്ങളുടെ വ്യാപനവും, വംശവെറിയുമാണ്‌ ഇത്തരം ആക്രമണങ്ങളുടെ പ്രധാന കാരണങ്ങള്‍. ആരാധനക്കായി ഒത്തുകൂടുന്നവരില്‍ ഭയം ഉളവാക്കുക എന്നതും അക്രമികള്‍ ലക്ഷ്യമിടുന്നുണ്ട്. ആരാധനാലയങ്ങളില്‍ നടക്കുന്ന ആക്രമണം സംബന്ധിച്ച അന്വേഷണങ്ങള്‍ കാലക്രമേണ തണുത്തുപോകുന്നതും, അറസ്റ്റ് നടക്കാത്തതും അക്രമികള്‍ക്ക് പ്രോത്സാഹനമാകുന്നുണ്ടെന്നും വിലയിരുത്തലുണ്ട്.

More Archives >>

Page 1 of 510