News - 2024

കര്‍ദ്ദിനാള്‍ തിരുസംഘത്തിന്റെ ഡീന്‍ പദവി ആഞ്ചലോ സൊഡാനോ ഒഴിഞ്ഞു

22-12-2019 - Sunday

വത്തിക്കാന്‍ സിറ്റി: കര്‍ദ്ദിനാള്‍ തിരുസംഘത്തിന്റെ ഡീന്‍ പദവിയില്‍നിന്നു കര്‍ദ്ദിനാള്‍ ആഞ്ചലോ സൊഡാനോ രാജിവച്ചു. 92 വയസുള്ള ഇദ്ദേഹം പ്രായാധിക്യത്തെ തുടര്‍ന്നാണു രാജിവച്ചത്. രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു. ഇന്നലെ കര്‍ദിനാള്‍ സൊഡാനോയുടെ ആമുഖപ്രസംഗത്തോടെ തുടങ്ങിയ വത്തിക്കാന്‍ കൂരിയ സമ്മേളനത്തിലാണ് മാര്‍പാപ്പ ഇക്കാര്യമറിയിച്ചത്. ഇതോടൊപ്പം കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീന്‍ പദവിയില്‍ മാറ്റം വരുത്തി മാര്‍പാപ്പ ഉത്തരവുമിറക്കിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഇനി മുതല്‍ അഞ്ചുവര്‍ഷമാകും ഡീനിന്റെ കാലാവധി. ഇതുവരെ ഡീനിനു കാലാവധി ഇല്ലായിരുന്നു.

വിരമിച്ചശേഷം ഡീന്‍ എമരിറ്റസ് എന്നു വിളിക്കപ്പെടും. കര്‍ദ്ദിനാള്‍ തിരുസംഘത്തിന്റെ യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതിനപ്പുറം പ്രത്യേക അധികാരമൊന്നും ഡീനിന് ഇല്ല. മാര്‍പാപ്പ വിരമിക്കുകയോ അന്തരിക്കുകയോ ചെയ്തശേഷം പുതിയ പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് വിളിച്ചുകൂട്ടുന്നത് ഡീനാണ്. 80 വയസില്‍ താഴെയാണെങ്കില്‍ അദ്ദേഹത്തിനു കോണ്‍ക്ലേവില്‍ പങ്കെടുത്തു വോട്ട് ചെയ്യാം. 80ല്‍ കൂടുതലാണെങ്കില്‍ കോണ്‍ക്ലേവില്‍ വോട്ടു ചെയ്യാനാവില്ല. ഇറ്റലിക്കാരനായ കര്‍ദിനാള്‍ സൊഡാനോ 1990 മുതല്‍ 2005 വരെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരിന്നു.


Related Articles »