News - 2024
ഇന്തോനേഷ്യയില്‍ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ഇത്തവണയും കടുത്ത നിയന്ത്രണം
സ്വന്തം ലേഖകന്‍ 23-12-2019 - Monday
ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ മിക്ക ഭാഗങ്ങളിലും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ഇത്തവണയും കനത്ത നിയന്ത്രണം. കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിലാണ് ക്രൈസ്തവ വിശ്വാസികൾ തിരുപ്പിറവി തിരുനാള്‍ ആഘോഷിക്കുന്നത്. പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ ക്രൈസ്തവർക്ക് പൊതുസ്ഥലങ്ങളിൽ ക്രിസ്തുമസ് ആഘോഷിക്കാൻ മൂന്ന് പതിറ്റാണ്ടുകളായി സാധിക്കാറില്ല. പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളിലെ ചെറിയ ചാപ്പലുകളിൽ പോലും ക്രിസ്തുമസ് ആഘോഷം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് യുസിഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം ഭവനങ്ങളിൽ വച്ച് മാത്രമേ ക്രിസ്തുമസ് ആഘോഷിക്കാൻ പാടുള്ളുവെന്ന് എല്ലാവർഷവും ഇസ്ലാമിസ്റ്റുകൾക്കു സാന്നിധ്യമുള്ള പ്രാദേശിക സർക്കാർ നിർദ്ദേശിക്കാറുണ്ടെന്നതും ശ്രദ്ധേയമാണ്.
ഈ വർഷവും പ്രസ്തുത നിർദ്ദേശം പ്രാദേശിക സർക്കാർ നൽകിക്കഴിഞ്ഞു. പൊതുസ്ഥലങ്ങളിൽ ക്രിസ്തുമസ് ആഘോഷം വിലക്കുന്നത് വിവേചനപരവും, മതസ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റവും ആണെന്ന് പ്രദേശത്തെ ക്രൈസ്തവ വിശ്വാസികൾ ഒന്നടങ്കം പറയുന്നു. ഓരോ തവണയും ക്രിസ്തുമസ് ആഘോഷം നടത്തുവാന്‍ ഒരുങ്ങുമ്പോള്‍ പ്രാദേശിക സര്‍ക്കാര്‍ അത് നിരോധിക്കുവാന്‍ ശ്രമിക്കുന്നത് അവിശ്വസിനീയമായി തോന്നുകയാണെന്ന് സവഹ്ലുന്‍റോയിലെ സെന്‍റ് ബര്‍ബര വൈദികനായ ഫാ. പങ്ക്രാസിയൂസ് ഫ്രെലി പ്രതികരിച്ചു. നിരോധിക്കുവാനല്ല, മറിച്ച് ക്രിസ്തുമസ് ആഘോഷം സുഗമമാക്കുവാനാണ് ഭരണകൂടം ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1985 മുതല്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നിരോധനമുണ്ടെന്നും ഇതിനിടെയില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ലെന്നും ഇന്‍റര്‍ കമ്മ്യൂണിറ്റി സ്റ്റഡി സെന്‍റര്‍ ഫൌണ്ടേഷന്റെ പ്രോഗ്രാം മാനേജര്‍ സുഡാര്‍ട്ടോ വെളിപ്പെടുത്തി. ഇത് മനുഷ്യാവകാശ ലംഘനമാണ്. എല്ലാ പൌരന്‍മാര്‍ക്കും മതപരമായ ആഘോഷം നടത്തുവാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് കഴിഞ്ഞ വര്‍ഷം മനുഷ്യാവകാശ കമ്മീഷന് ഭാരവാഹികള്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. അതേസമയം ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വിലക്കുണ്ടെങ്കിലും ഈ ദിവസങ്ങളില്‍ അതീവ സുരക്ഷയാണ് രാജ്യത്തെമ്പാടും ഏര്‍പ്പെടുത്തിയിരിക്കുന്നത്.