Life In Christ - 2025
ഇമ്മാനുവേല്‍ മുറിപ്പെട്ട നരകുലത്തിനു മുഴുവന്‍ വെളിച്ചം: പാപ്പയുടെ ക്രിസ്തുമസ് വിചിന്തനം
സ്വന്തം ലേഖകന്‍ 26-12-2019 - Thursday
റോം: മുറിപ്പെട്ട നരകുലത്തിനു മുഴുവന്‍ വെളിച്ചമായിരിക്കട്ടെ ഇമ്മാനുവേലെന്നും പലപ്പോഴും കഠിനവും സ്വാര്‍ത്ഥത നിറഞ്ഞതുമായ ഹൃദയങ്ങളെ അവിടുന്ന് അലിയിക്കുകയും സ്നേഹത്തിന്‍റെ ഉപകരണമാക്കി നമ്മെ മാറ്റുകയും ചെയ്യട്ടെയെന്ന് ആശംസിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ക്രിസ്തുമസ് വിചിന്തനം. യുദ്ധവും രാഷ്ട്രീയ അസ്ഥിരതയും പ്രകൃതി ദുരന്തങ്ങളും രോഗങ്ങളും കാരണം സിറിയ, ഇറാഖ്, ലെബനോന്‍, വെനിസ്വേല, യുക്രൈന്‍ പോലെയുള്ള രാജ്യങ്ങളില്‍ ജനങ്ങള്‍ ഏറെ കഷ്ടപ്പെടുന്നുണ്ടെന്ന് 'ഉര്‍ബി എറ്റ് ഓര്‍ബി' (നഗരത്തോടും ലോകത്തോടും) എന്നറിയപ്പെടുന്ന വാര്‍ഷിക പ്രസംഗത്തിലൂടെ പാപ്പ പറഞ്ഞു.
ലോകമെമ്പാടുമായി നടക്കുന്ന പ്രശ്നങ്ങള്‍ക്കും അനീതിക്കും അറുതിവരുത്തുവാന്‍ ക്രിസ്തുവിന്റെ വെളിച്ചം സ്വീകരിക്കുവാന്‍ പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. മധ്യപൂര്‍വ്വ ദേശത്തും, ലോകത്തിലെ വിവിധ നാടുകളിലും യുദ്ധവും സംഘര്‍ഷങ്ങളും മൂലം യാതനകളനുഭവിക്കുന്ന നിരവധിയായ കുഞ്ഞുങ്ങള്‍ക്ക് ക്രിസ്തു വെളിച്ചം പകരട്ടെ. ഒരു പതിറ്റാണ്ടായി, ഇനിയും വിരാമമിടാത്ത വൈരം പിച്ചിച്ചീന്തിയ സിറിയില്‍ വസിക്കുന്ന ജനങ്ങള്‍ക്ക് ക്രിസ്തു സാന്ത്വനം പ്രദാനം ചെയ്യട്ടെ. സന്മനസ്സുള്ളവരുടെ മനസ്സാക്ഷികളെ അവിടന്ന് തൊട്ടുണര്‍ത്തട്ടെ.
ആ പ്രദേശത്തെ ജനങ്ങളുടെ സുരക്ഷിതത്വവും സമാധാനപരമായ സഹജീവനവും ഉറപ്പുവരുത്തുകയും അവരുടെ അവാച്യമായ സഹനങ്ങള്‍ക്ക് അറുതിവരുത്തുകയും ചെയ്യുന്ന പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഭരണാധികാരികള്‍ക്കും അന്താരാഷ്ട്രസമൂഹത്തിനും ഇന്ന് അവിടന്ന് പ്രചോദനം പകരട്ടെ. നിലവിലുള്ള പ്രതിസന്ധികളില്‍ നിന്നു പുറത്തുകടക്കാനും സ്വാതന്ത്ര്യത്തിന്‍റെയും സകലരുടെയും ആശ്രയമായ സഹജീവനത്തിന്‍റെയും സന്ദേശമായിരിക്കുകയെന്ന വിളി വീണ്ടും കണ്ടെത്താനും ലെബനനിലെ ജനതയക്ക് ക്രിസ്തു നാഥന്‍ തുണയാകട്ടെ. മാനവരക്ഷകനായ കര്‍ത്താവായ യേശു അവിടന്നു പിറന്ന വിശുദ്ധ നാടിന് പ്രകാശമായിരിക്കട്ടെ.
അവിടെ ശാന്തിയുടെയും സുരക്ഷിതത്വത്തിന്‍റെയും ക്ഷേമത്തിന്‍റെയും ദിനങ്ങള്‍ വരുമെന്ന പ്രതീക്ഷ, കഷ്ടപ്പാടുകളുടെ വേളയിലും, നിരവധിപ്പേര്‍ പുലര്‍ത്തുന്നു. സാമൂഹ്യ സംഘര്‍ഷങ്ങളിലൂടെ കടന്നുപോയ ഇറാഖിനും ഗുരുതര മാനുഷികപ്രതിന്ധിയുടെ ഫലമായ യാതനയനുഭവിക്കുന്ന യെമനും യേശുനാഥന്‍ സാന്ത്വനം പകരട്ടെ. വൃദ്ധജനത്തിന്‍റെയും ഏകാന്തത അനുഭവിക്കുന്നവരുടെയും കുടിയേറ്റക്കാരുടെയും പാര്‍ശ്വവത്കൃതരുടെയും ചാരത്തായിരിക്കട്ടെ. അവിടന്ന് സകലര്‍ക്കും അവിടത്തെ ആര്‍ദ്രത പകരുകയും ഈ ലോകത്തിന്‍റെ അന്ധകാരം നീക്കുകയും ചെയ്യട്ടെയെന്ന ആശംസയോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
തുടര്‍ന്നു കര്‍ദ്ദിനാളുന്മാരില്‍ ഒരാള്‍ ഫ്രാന്‍സിസ് പാപ്പ 'ഊര്‍ബി ഏത്ത് ഓര്‍ബി' ആശീര്‍വ്വാദം നല്‍കാന്‍ പോകുകയാണെന്നും സഭ നിഷ്ക്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതം, അത്, നേരിട്ടൊ സാമൂഹ്യവിനിമയോപാധികളിലൂടെയൊ, സ്വീകരിക്കുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കുമെന്നും വിളംബരം ചെയ്തു. ഇതേ തുടര്‍ന്ന് പാപ്പ ആശീര്‍വ്വാദം നല്കി. ആഗോളകത്തോലിക്കാ സഭയുടെ പരമാധികാരി എന്ന നിലയില്‍ ഇത് ഫ്രാന്‍സിസ് പാപ്പയുടെ ഏഴാമത്തെ ക്രിസ്തുമസാണ്.