News - 2025
ഇറാഖ് യുദ്ധക്കളമായി പരിണമിച്ചേക്കും, സമാധാന അഭ്യര്‍ത്ഥനയുമായി കല്‍ദായ പാത്രിയാര്‍ക്കീസ്‍
സ്വന്തം ലേഖകന്‍ 08-01-2020 - Wednesday
ബാഗ്ദാദ്: ഇറാഖ് യുദ്ധക്കളമായി പരിണമിച്ചേക്കുമെന്ന ആശങ്ക പങ്കുവെച്ച് ഇറാഖിലെ കല്‍ദായ കത്തോലിക്ക പാത്രിയാര്‍ക്കീസ്‍ കര്‍ദ്ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോ. ഇനിയും രക്തച്ചൊരിച്ചിലുകള്‍ ഉണ്ടാകാതിരിക്കുന്നതിന് തുറന്ന സംവാദത്തിന്‍റെ പാതയില്‍ ചരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതായും ഇറാഖ് ഒരു യുദ്ധക്കളമായി പരിണമിക്കുമെന്ന ഭീതിയിലാണ് നാട്ടിലെ ജനങ്ങളെന്നും പാത്രിയാര്‍ക്കീസ് സാക്കോ പറയുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാജ്യ തലസ്ഥാനമായ ബാഗ്ദാദില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശാനുസരണം സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇറാനിലെ ഉന്നത സൈനികവിഭാഗമായ ഖുദ്സ് സേനയുടെ മേധാവി ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് കര്‍ദ്ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോ സമാധാന അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.
അതേസമയം ഇന്നലെ ബാഗ്ദാദിലെ അമേരിക്കല്‍ വ്യോമതാവളത്തിനു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം ഉണ്ടായി. അമേരിക്കന്‍ നിയന്ത്രണത്തിലുള്ള അല്‍ അസദ്, ഇര്‍ബില്‍ എന്നീ വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങള്‍ ഉണ്ടായതെന്ന് അമേരിക്കയിലെ ഉന്നത പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്‍ ജോനാഥന്‍ ഹോഫ്മാന്‍ പറഞ്ഞു. പ്രാദേശിക സമയം, ജനുവരി ഏഴിന് വൈകിട്ട് 5.30നാണ് മിസൈല്‍ ആക്രമണം ഉണ്ടായതെന്നും ഒരു ഡസനോളം മിസൈലുകളാണ് അമേരിക്ക വര്‍ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
![](/images/close.png)