News - 2024

വീണ്ടും ചരിത്ര നിയമനം: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ ആദ്യമായി വനിത

സ്വന്തം ലേഖകന്‍ 16-01-2020 - Thursday

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ നയതന്ത്ര കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ ചരിത്രത്തില്‍ ആദ്യമായി വനിതയെ നിയമിച്ചുകൊണ്ട് മാര്‍പാപ്പയുടെ ഉത്തരവ്. അണ്ടർ സെക്രട്ടറി പദവിയിൽ ഇറ്റാലിയൻ വനിതയായ ഫ്രാൻസിസ്ക ഡി ജിയോവാനിയെയാണ് ഫ്രാൻസിസ് പാപ്പ നിയമിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുമായും, വിവിധ രാജ്യങ്ങളുമായും ചേർന്ന് വത്തിക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതലയാണ് ഫ്രാൻസിസ്കയ്ക്കു ലഭിക്കുക.

ഇതുവരെ വൈദികര്‍ക്കു മാത്രമായി സംവരണം ചെയ്തിരുന്ന സ്ഥാനത്താണ് തെക്കെ ഇറ്റലിയിലെ പലേര്‍മോ സ്വദേശിനിയായ അറുപത്തിയാറുകാരി ഫ്രാൻസിസ്ക ഡി ജിയോവാനിയെ നിയമിച്ചിരിക്കുന്നത്. ഒരു വനിതയെന്ന നിലയിലുള്ള പ്രത്യേകത, തന്റെ പുതിയ ജോലിയിൽ ഗുണകരമാകും വിധം പ്രതിഫലിപ്പിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷ അവർ വത്തിക്കാൻ മീഡിയയുമായി പങ്കുവെച്ചു. കീഴ്‌വഴക്കമില്ലാത്ത നിയമനം നടത്തുന്നതിലൂടെ, മാര്‍പാപ്പ സ്ത്രീകൾക്ക് നൽകുന്ന പ്രാധാന്യമാണ് ഇതിലൂടെ ബോധ്യമാകുന്നതെന്നും ഫ്രാൻസിസ്ക പറഞ്ഞു.

നിയമത്തിൽ ബിരുദമുള്ള ഫ്രാൻസിസ്ക ഡി ജിയോവാനി കഴിഞ്ഞ 27 വർഷമായി വത്തിക്കാനിൽ പ്രവർത്തിച്ചുവരികയായിരുന്നു. അഭയാർത്ഥി വിഷയം, വിനോദസഞ്ചാരം, വനിതാ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളിൽ അഗാധമായ നൈപുണ്യമുണ്ട്. കത്തോലിക്കാ സഭയുടെ തലവനായി ചുമതലയേറ്റതിനുശേഷം വത്തിക്കാനിലെ ഉന്നത പദവികളിൽ വനിതകളെ നിയമിക്കുന്നതിനു പ്രത്യേക പരിഗണന നല്‍കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഒടുവിലത്തെ നിയമന ഉത്തരവാണിത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 518