News - 2024

താൽ അഗ്നിപർവ്വത സ്‌ഫോടനം: ദേവാലയങ്ങളും സെമിനാരികളും തുറന്നുകൊടുത്ത് കത്തോലിക്ക സഭ

സ്വന്തം ലേഖകന്‍ 14-01-2020 - Tuesday

മനില: ഫിലിപ്പീൻസിൽ താൽ അഗ്നിപര്‍വ്വത സ്ഫോടന ഭീഷണിയെ തുടര്‍ന്നു ഭവനങ്ങള്‍ ഒഴിഞ്ഞ് പലായനം ചെയ്യേണ്ട വന്ന ജനങ്ങള്‍ക്ക് ആശ്രയ കേന്ദ്രമായി രാജ്യത്തെ കത്തോലിക്ക ദേവാലയങ്ങളും സെമിനാരികളും. ഇന്നലെ (ജനുവരി 13) വരെയുള്ള കണക്കുകള്‍ പ്രകാരം ഏകദേശം മൂവായിരത്തോളം ആളുകൾക്ക് മനില അതിരൂപത വിവിധ രീതിയിൽ സഹായം നൽകിയിട്ടുണ്ട്. അതിരൂപതയിലെ ദേവാലയങ്ങൾ മിക്കതും ജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്.

ഫിലിപ്പീൻസിലെ തഗേയ്ത്ത നഗരത്തിൽ സ്ഥിതിചെയ്യുന്ന ഡിസൈൻ വേൾഡ് സെമിനാരി അപകട ഭീഷണിയെ തുടര്‍ന്നു പലായനം ചെയ്ത ജനങ്ങള്‍ക്കു താമസിക്കുവാന്‍ കാര്യാലയം വിട്ടുനല്‍കി. ആർക്കെങ്കിലും അഗ്നിപർവ്വത സ്ഫോടനം മൂലം തഗേയ്ത്തയിൽ താമസിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ ഡിസൈൻ വേൾഡ് സെമിനാരിയുടെ വാതിൽ എപ്പോഴും തുറന്നു കിടക്കുമെന്ന് സെമിനാരിയുടെ ചുമതലയുള്ള ഫാ. റഡോൾഫ് കരീനോ ഫ്ലോറസ് പറഞ്ഞു. മനിലയ്ക്കു തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന താല്‍ അഗ്‌നിപര്‍വതത്തില്‍നിന്നു ചാരവും പുകയും വമിച്ചു ലാവാ പ്രവാഹവും ആരംഭിച്ചതോടെയാണ് ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ഏകദേശം ഇരുപതിനായിരത്തിലധികം ആളുകളെ ഇതിനോടകം അഗ്നിപർവതത്തിന് സമീപത്തു നിന്നും മാറ്റി താമസിപ്പിച്ചിട്ടുണ്ട്. സ്ഫോടന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നിരവധി സ്കൂളുകളും, ഓഫീസുകളും, മനിലയിലെ അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ അടച്ചിട്ടിരിക്കുകയാണ്. അതേസമയം നിലവിലെ അപകടമായ സാഹചര്യത്തിനു മാറ്റമുണ്ടാകാനായി സഭാനേതൃത്വം പ്രാർത്ഥനകൾക്ക് ആഹ്വാനം ചെയ്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 517