Life In Christ - 2025
പ്രാര്‍ത്ഥന സ്വാതന്ത്ര്യം നല്‍കാത്ത സ്കൂളുകള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്: അഭിനന്ദനവുമായി യുഎസ് മെത്രാന്‍ സമിതി
സ്വന്തം ലേഖകന്‍ 17-01-2020 - Friday
വാഷിംഗ്‌ടണ്‍ ഡിസി: അമേരിക്കയിലെ പബ്ലിക് സ്കൂളുകളില്‍ സ്വകാര്യമായി പ്രാര്‍ത്ഥിക്കുവാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശത്തെ ലംഘിക്കുന്ന സ്കൂള്‍ അധികൃതര്‍ക്ക് ശക്തമായ മുന്നറിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ദേശീയ മതസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്നലെ ജനുവരി 16ന് ക്രിസ്ത്യന്‍ യഹൂദ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം ഓവല്‍ ഓഫീസില്‍ വെച്ച് നടത്തിയ മതസ്വാതന്ത്ര്യ അനുസ്മരണ പരിപാടിയിലാണ് വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനാ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമെന്ന നിലപാട് അമേരിക്കന്‍ പ്രസിഡന്റ് ഉറക്കെ പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികളുടെ മതസ്വാതന്ത്ര്യത്തെ ലംഘിക്കുന്ന സ്കൂളുകള്‍ക്കുള്ള ഫെഡറല്‍ ഫണ്ട് നിര്‍ത്തലാക്കുമെന്നു ട്രംപ് അറിയിച്ചു.
തങ്ങള്‍ക്ക് സ്കൂളുകളില്‍ വിവേചനം നേരിടേണ്ടി വരുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികളും, അധ്യാപകരും പരാതിപ്പെട്ട സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ ശക്തമായ മുന്നറിയിപ്പ്. സര്‍ക്കാര്‍ ഒരിക്കലും ദൈവത്തിനും ജനങ്ങള്‍ക്കും ഇടയില്‍ വരരുതെന്ന്‍ ട്രംപ് പറഞ്ഞു. പൊതു സ്കൂളുകള്‍ പലപ്പോഴും കുട്ടികളെ പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും വിശ്വാസം പങ്കുവെക്കുന്നതില്‍ നിന്നും വിലക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, അതൊരിക്കലും അംഗീകരിക്കുവാന്‍ കഴിയില്ലെന്നും ഡൊണാള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു. വിഭൂതി ബുധനാഴ്ച ചാരം കൊണ്ട് നെറ്റിയില്‍ വരച്ച കുരിശ് സ്കൂള്‍ അധികൃതരുടെ സമ്മര്‍ദ്ദം കാരണം തുടച്ചു കളയേണ്ടി വന്ന മക്ലിയോഡ് എന്ന ഒന്‍പതുകാരനും, ഇസ്ലാമിക വിരുദ്ധതയില്‍ നിന്നും തനിക്ക് സംരക്ഷണം നല്‍കാന്‍ സ്കൂളിന് കഴിയുന്നില്ലെന്ന് പരാതിപ്പെട്ട മാലക് ഹിജാസ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
ഇതിനിടെ, മതസ്വാതന്ത്ര്യ സംരക്ഷണ നിലപാടില്‍ ട്രംപ് ഭരണകൂടത്തെ അഭിനന്ദിച്ചുകൊണ്ട് അമേരിക്കയിലെ മെത്രാന്‍ സമിതി രംഗത്തെത്തിയിട്ടുണ്ട്. മതസ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്ത് മതസ്വാതന്ത്ര്യം വിലമതിക്കപ്പെടുന്നതില്‍ നന്ദിയുണ്ടെന്നും വിശ്വാസത്തില്‍ അധിഷ്ടിതമായ സാമൂഹ്യ സേവന ദാതാക്കളെ കണ്ടെത്തുന്നതില്‍ ട്രംപ് ഭരണകൂടം കൈകൊണ്ട് ഉറച്ച നടപടികളെ അഭിനന്ദിക്കുന്നുവെന്നും യുഎസ് മെത്രാന്‍ സമിതിയുടെ ചെയര്‍മാനായ മെത്രാന്‍ ജോര്‍ജ്ജ് വി. മുറെ എസ്.ജെ ദേശീയ മത സ്വാതന്ത്ര്യ ദിനത്തില്‍ പുറത്തുവിട്ട പ്രസ്താവനയില്‍ കുറിച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക