Life In Christ - 2025

മാര്‍ച്ച് ഫോര്‍ ലൈഫ് ഇന്ന്: ചരിത്രം തിരുത്താന്‍ ട്രംപും എത്തും

സ്വന്തം ലേഖകന്‍ 24-01-2020 - Friday

വാഷിംഗ്ടണ്‍ ഡിസി: ജീവന്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ലക്ഷങ്ങള്‍ അണിനിരക്കുന്ന 'മാര്‍ച്ച് ഫോര്‍ ലൈഫ്' പ്രോലൈഫ് റാലി ഇന്ന്‍ വാഷിംഗ്ടണില്‍ നടക്കും. പരിപാടിയില്‍ പങ്കുചേരുന്ന ആദ്യ പ്രസിഡന്‍റ് എന്ന ഖ്യാതിയോടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും റാലിയില്‍ അണിചേരുന്നുണ്ട്. ഗര്‍ഭഛിദ്രാനുമതി നിരോധിക്കാന്‍ പോരാടുന്ന പ്രോലൈഫ് സംഘടനകള്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ഈ മാര്‍ച്ചില്‍ ഇതാദ്യമായാണ് ഒരു പ്രസിഡന്റ് പങ്കെടുക്കുന്നത്. യുഎസില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുന്നതിനു കാരണമായ 'റോ വേഴ്‌സസ് വേഡ്' കേസില്‍ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചതിന്റെ വാര്‍ഷികദിനത്തിലാണ് റാലി നടത്താറുള്ളത്.

അതേസമയം ‘മാർച്ച് ഫോർ ലൈഫി’നു മുന്നോടിയായി നാഷണൽ ഷ്രൈൻ ഓഫ് ദ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ബസിലിക്കയിൽ ജാഗരണ പ്രാര്‍ത്ഥന ആരംഭിച്ചു. അമേരിക്കന്‍ സമയം ഇന്ന്‍ രാവിലെ ആറ് മണിക്ക് (ഇന്ത്യന്‍ സമയം വൈകീട്ട് 4.30) ദിവ്യകാരുണ്യ ആരാധന നടക്കും. തുടര്‍ന്നു പ്രഭാത പ്രാർത്ഥന. 7.30ന് അർപ്പിക്കുന്ന ദിവ്യബലിയോടെയാണ് ജാഗരണ പ്രാർത്ഥനയ്ക്ക് സമാപനമാകുന്നത്. മിലിട്ടറി സർവീസ് ആർച്ച്ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോയാണ് മുഖ്യകാർമികൻ. ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ലക്ഷങ്ങള്‍ അണിനിരക്കുന്ന റാലിക്ക് തുടക്കമാകും. കോൺസ്റ്റിറ്റ്യൂഷൻ അവന്യൂവഴി കാപ്പിറ്റോൾ ഹില്ലിലെ സുപ്രീം കോടതി കെട്ടിടത്തിനു മുന്നിൽ സമാപിക്കും. സുപ്രീം കോടതിക്ക് മുന്നിൽ അൽപ്പസമയം മൗനമായി നിൽക്കും.

അതിനുശേഷം മാർച്ച് ഫോർ ലൈഫ് പ്രവർത്തകർ തങ്ങളുടെ സെനറ്റർമാരുമായി ജീവൻ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കും. സുപ്രീം കോടതി കെട്ടിടത്തിനു മുന്നിൽ അണിനിരക്കുന്ന മാർച്ചിൽനിന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങളോ അത്തരം പ്ലക്കാർഡ് പ്രദർശനങ്ങളോ ഉണ്ടാകാൻ പാടില്ലെന്നും പതിവുപോലെ, ദൈവത്തിനു കൃതജ്ഞതാസ്‌തോത്രങ്ങൾ അർപ്പിക്കുകയും സൗഹൃദങ്ങൾ പുതുക്കുകയും ഗാനങ്ങൾ ആലപിക്കുകയുമാണ് വേണ്ടതെന്ന് സംഘാടകർ പറഞ്ഞു. റാലിയില്‍ നൂറുകണക്കിന് മലയാളികളും പങ്കെടുക്കും. ചിക്കാഗോ സീറോ മലബാർ രൂപതയുടെയും നോർത്ത് അമേരിക്കൻ സീറോ മലങ്കര രൂപതയുടെയും പിന്തുണയോടെ രൂപീകൃതമായ ‘4 ലൈഫി’ന്റെ ബാനറിലാണ് മലയാളികൾ അണിചേരുക. കഴിഞ്ഞ വര്‍ഷത്തെ റാലിയില്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് പങ്കെടുത്തിരിന്നു. അന്ന് ട്രംപ് വീഡിയോ സന്ദേശത്തിലൂടെയാണ് റാലിയെ അഭിസംബോധന ചെയ്തത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 25