India - 2025
ഫാ. വര്‍ക്കി കാട്ടറാത്തിനെ ദൈവദാസനായി പ്രഖ്യാപിച്ചു
06-02-2020 - Thursday
കൊച്ചി: വിന്‍സെന്‍ഷ്യന്‍ സമൂഹത്തിന്റെ ഇടപ്പള്ളിയിലുള്ള ജനറലേറ്റില്‍ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ (വിസി) സ്ഥാപകന്‍ ഫാ. വര്‍ക്കി കാട്ടറാത്തിനെ ദൈവദാസനായി പ്രഖ്യാപിച്ചു. വന്ദ്യ വൈദികന്റെ കബറിടമുള്ള വൈക്കം തോട്ടകം ഇടവകയിലെയും ആശ്രമത്തിലെയും പ്രതിനിധികള്‍ ദൈവദാസന്റെ ഛായാചിത്രം അള്‍ത്താരയിലേക്ക് എത്തിച്ചതോടെയാണു ചടങ്ങുകള്‍ക്കു തുടക്കമായത്. പോസ്റ്റുലേറ്റര്‍ ഫാ. ജോസഫ് എറന്പില്‍ പ്രാര്‍ത്ഥന നയിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദൈവദാസ പദവി പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍, പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, സത്നാ രൂപത മുന്‍ ബിഷപ്പ് മാര്‍ മാത്യു വാണിയകിഴക്കേല്‍ എന്നിവര്‍ സന്ദേശം നല്‍കി.
ഫാ. കാട്ടറാത്തിനെ ദൈവദാസനായി പ്രഖ്യാപിക്കുന്നതിനുള്ള വത്തിക്കാന്റെ അനുമതിപത്രം അതിരൂപത ചാന്‍സലര്‍ റവ.ഡോ.ജോസ് പൊള്ളയില്‍ വായിച്ചു. നാമകരണ നടപടികളുടെ ഭാഗമായി രൂപീകരിച്ച അതിരൂപതാതല അന്വേഷണത്തിനുള്ള ബോര്‍ഡ് ഓഫ് എന്‍ക്വയറി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. നാമകരണ നടപടികള്‍ക്കായി രൂപീകരിച്ച അതിരൂപതാതല അന്വേഷണത്തിനുള്ള ബോര്‍ഡ് ഓഫ് എന്‍ക്വയറി അംഗങ്ങളായ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍, എപ്പിസ്‌കോപ്പല്‍ ഡെലഗേറ്റ് റവ.ഡോ. ജെയിംസ് പെരേപ്പാടന്‍, പോസ്റ്റുലേറ്റര്‍ റവ.ഡോ. ജോസഫ് എറന്പില്‍, പ്രമോട്ടര്‍ ഓഫ് ജസ്റ്റീസ് റവ.ഡോ. സാജു കുത്തോടിപുത്തന്‍പുരയില്‍, ഹിസ്‌റ്റോറിക്കല്‍ കമ്മീഷന്‍ അംഗങ്ങളായ റവ.ഡോ. ആന്റണി പ്ലാക്കല്‍, റവ.ഡോ. ബിജോ കൊച്ചടന്പിള്ളില്‍, റവ.ഡോ. നോബിള്‍ മണ്ണാറത്ത്, നോട്ടറി സിസ്റ്റര്‍ ലിജ, വൈസ് നോട്ടറി സിസ്റ്റര്‍ രശ്മി, ട്രാന്‍സിലേറ്റര്‍മാരായ സിസ്റ്റര്‍ ആനി റോസിലന്റ്, സിസ്റ്റര്‍ സെര്‍ജിയൂസ്, കോപ്പിയര്‍ ഫാ. ജോണ്‍ കൊല്ലകോട്ടില്‍ എന്നിവരാണു സത്യപ്രതിജ്ഞ ചെയ്തത്.
വിന്‍സെന്‍ഷ്യന്‍ സഭയുടെ സുപ്പരീയര്‍ ജനറല്‍ റവ.ഡോ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍, ജനറല്‍ കൗണ്‍സിലറും സെക്രട്ടറി ജനറലുമായ ഫാ. അലക്‌സ് ചാലങ്ങാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാ. വര്‍ക്കി കാട്ടറാത്തിന്റെ ജീവിതവും ദര്‍ശനങ്ങളും അടിസ്ഥാനമാക്കി രചിച്ച രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. വിവിധ സന്യാസ സമൂഹങ്ങളുടെ ജനറാള്‍മാര്‍, പ്രൊവിന്‍ഷ്യല്‍മാര്‍, വൈദികര്‍, സമര്‍പ്പിതര്‍, കാട്ടറാത്ത് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
1931 ഒക്ടോബര്‍ 24ന് ദിവംഗതനായ ഫാ. വര്‍ക്കി കാട്ടറാത്തിന്റെ ഭൗതികശരീരം തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിലാണ് അടക്കം ചെയ്തിട്ടുള്ളത്. 1968 ഫെബ്രുവരി 11നു പൊന്തിഫിക്കല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനില്‍ 565 വൈദികര്‍ വിവിധ സംസ്ഥാനങ്ങളിലും നേപ്പാള്‍, കെനിയ, ടാന്‍സാനിയ, ഉഗാണ്ട, പെറു, കാനഡ, അമേരിക്ക, ഇറ്റലി, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ജര്‍മനി തുടങ്ങി 18 രാജ്യങ്ങളിലുമായി ശുശ്രൂഷ ചെയ്യുന്നു. ഇരുന്നൂറിലധികം പേര്‍ വൈദിക പഠനം നടത്തുന്നുണ്ട്. പോപ്പുലര്‍ മിഷന്‍ ധ്യാനം, ധ്യാനകേന്ദ്രങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക സമ്പര്‍ക്ക മാധ്യമ പ്രവര്‍ത്തനങ്ങള്‍ അജപാലന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണു സഭയുടെ പ്രധാന ശുശ്രൂഷകള്‍.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക