India - 2025
കൊറോണ: ഫെബ്രുവരി ഒന്‍പതിന് കേരള സഭയില്‍ പ്രാര്‍ത്ഥനാദിനം
സ്വന്തം ലേഖകന്‍ 05-02-2020 - Wednesday
കൊച്ചി: കൊറോണ ബാധമൂലം ദുരിതമനുഭവിക്കുന്നവരെ അനുസ്മരിച്ച് ഫെബ്രുവരി ഒമ്പത് ഞായറാഴ്ച കേരള കത്തോലിക്കാസഭയിലെ മൂന്നു റീത്തുകളിലുള്ള ഇടവക ദേവാലയങ്ങളിലും സന്യാസഭവനങ്ങളിലും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്ന എല്ലായിടങ്ങളിലും പ്രാര്‍ത്ഥന നടത്തണമെന്നു കെസിബിസിയുടെ നിര്‍ദ്ദേശം. വിഷയത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവരുന്നത് ആശ്വാസകരമാണെന്നും കെസിബിസി പ്രസ്താവിച്ചു.
ആരോഗ്യരംഗത്ത് ശുശ്രൂഷ ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ നല്കുന്ന മഹത്തായ സേവനത്തെ കൃതജ്ഞതാപൂര്‍വം സ്മരിക്കാം. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ സ്ഥാപനങ്ങള്‍ സംസ്ഥാന ആരോഗ്യവകുപ്പുമായി സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ നേരത്തേ തന്നെ ഓര്‍മിപ്പിച്ചിരുന്നതായും കെസിബിസി ചൂണ്ടിക്കാട്ടി.
![](/images/close.png)