India - 2025
മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി ആഘോഷം ഇന്ന്
07-02-2020 - Friday
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷനും ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി, കേരള കത്തോലിക്ക മെത്രാന്‍ സമിതി എന്നിവയുടെ പ്രസിഡന്റുമായിരുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി ആഘോഷം ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു ചങ്ങനാശേരി മെത്രാപ്പോലീത്തന്‍പള്ളി ഓഡിറ്റോറിയത്തില്‍ നടക്കും. ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും. മലങ്കര സുറിയാനി കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അനുഗ്രഹ പ്രഭാഷണം നടത്തും.
ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അതിരൂപതയുടെ മംഗളപത്രം സമര്‍പ്പിക്കും. മാര്‍ത്തോമാസഭയുടെ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, കൊച്ചി ബിഷപ് ഡോ.ജോസഫ് കരിയില്‍, ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സി.എഫ്. തോമസ് എംഎല്‍എ, സിസ്റ്റര്‍ ഡോ.മേഴ്‌സി നെടുംപുറം, ഡോ.ഡൊമിനിക് ജോസഫ് എന്നിവര്‍ പ്രസംഗിക്കും. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ നവതി ആശംസാ സന്ദേശം വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത് വായിക്കും. മാര്‍ ജോസഫ് പവ്വത്തിലിന്റെ ജീവിതത്തെ ആസ്പദമാക്കി ദൃശ്യശ്രാവ്യ ആവിഷ്‌കാരവും നൃത്തശില്പവും ആശംസാഗാനവും സമ്മേളനത്തെ വര്‍ണാഭമാക്കും.