News - 2025

റോമില്‍ ഏപ്രില്‍ മൂന്നു വരെയുള്ള പൊതു വിശുദ്ധ കുര്‍ബാനയര്‍പ്പണം ഒഴിവാക്കി

സ്വന്തം ലേഖകന്‍ 09-03-2020 - Monday

റോം, ഇറ്റലി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ റോം രൂപതയിലെ പൊതു വിശുദ്ധ കുര്‍ബാന അര്‍പ്പണം ഏപ്രില്‍ 3 വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി റോം രൂപതയുടെ വികാര്‍ ജനറല്‍. മതപരമായ പൊതു ചടങ്ങുകള്‍ റദ്ദാക്കണമെന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അനേകര്‍ ഒരുമിച്ചു കൂടുന്ന വിശുദ്ധ കുര്‍ബാന റദ്ദാക്കുവാന്‍ റോമും നിര്‍ബന്ധിതരായത്. പൊതു സമൂഹത്തോടുള്ള ഉത്തരവാദിത്തം റോമന്‍ സഭ മനസ്സിലാക്കുന്നുവെന്നും, പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള സംരക്ഷണത്തിനു കടുത്ത നടപടികള്‍ ആവശ്യമാണെന്ന് തോന്നിയതിനെ തുടര്‍ന്ന്‍ ഏപ്രില്‍ 3 വരെ ആരാധനാപരമായ ചടങ്ങുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ ആഞ്ചെലോ ഡി ഡൊണാറ്റിസ് ഇക്കഴിഞ്ഞ ഞായറാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. കൊറോണ ഭീതിയെത്തുടര്‍ന്ന്‍ ഇറ്റാലിയന്‍ മെത്രാന്‍ സമിതി കൈകൊണ്ടിരിക്കുന്ന കര്‍മ്മപരിപാടിയുടെ ഭാഗമായിട്ടാണ് റോം അതിരൂപതയുടെ ഈ പ്രസ്താവന.

ഇതിനുപുറമേ മാര്‍ച്ച് 11ന് (ബുധനാഴ്ച) കൊറോണ ബാധിതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും ഉപവസിക്കുവാനും, അന്നേ ദിവസം തന്നെ ടിവിയിലൂടെയുള്ള പ്രത്യേക കുര്‍ബാന കാണുവാനും റോമിലെ വിശ്വാസികളോട് സഭാനേതൃത്വം ആഹ്വാനം ചെയ്തു. ഉപവാസത്തിനു പുറമേ ഉദാരമായി സംഭാവനകള്‍ ചെയ്യുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിശ്വാസികളുടെ സംഭാവനകള്‍ വഴി ലഭിക്കുന്ന തുക ആരോഗ്യ രംഗത്ത് സേവനം ചെയ്യുന്നവര്‍ക്ക് വേണ്ടി ഉപയോഗിക്കുവാനാണ് രൂപത പദ്ധതിയിട്ടിരിക്കുന്നത്. വത്തിക്കാനില്‍ താമസിക്കുന്ന വൈദികര്‍ക്ക് സ്വകാര്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാവുന്നതാണെന്നും, അള്‍ത്താരക്ക് മുന്നില്‍ വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ നടത്തുന്നതിന് തടസ്സമില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

പ്രത്യേക സാഹചര്യത്തില്‍ പൊതുജനാരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തിക്കൊണ്ടാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് വിശുദ്ധ കുര്‍ബാന റദ്ദാക്കിയിരിക്കുന്നതെന്നു ഇറ്റാലിയന്‍ മെത്രാന്‍ സമിതിയും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് മുതല്‍ പാപ്പയുടെ ഔദ്യോഗിക വസതിയായ കാസാ സാന്താ മരിയയില്‍ നിന്നുള്ള ഫ്രാന്‍സിസ് പാപ്പയുടെ ദിവസംതോറുമുള്ള സ്വകാര്യ കുര്‍ബാനകള്‍ വത്തിക്കാന്‍ ന്യൂസിലൂടേയും, യുടൂബിലൂടേയും തത്സമയ സംപ്രേഷണം നടത്തുന്നതായിരിക്കുമെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസിന്റെ ഡയറക്ടറായ മാറ്റിയോ ബ്രൂണി അറിയിച്ചു. നേരത്തെ വത്തിക്കാന്‍ സിറ്റിയില്‍ ഒരാള്‍ക്ക് രോഗബാധയുള്ള കാര്യം സ്ഥിരീകരിച്ചിരിന്നു. ഇദ്ദേഹവുമായി ബന്ധപ്പെട്ട അഞ്ചു പേര്‍ കര്‍ശന നിരീക്ഷണത്തിലാണെന്നു വത്തിക്കാന്‍ പ്രസ് ഓഫീസ് വെളിപ്പെടുത്തി. ഇന്നലെ നടത്തിയ ത്രികാലജപ പ്രാര്‍ത്ഥനക്കിടയില്‍ കൊറോണ ബാധിതര്‍ക്ക് വേണ്ടി ഫ്രാന്‍സിസ് പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 531