News - 2025
ഉപവസിച്ച് പ്രാര്‍ത്ഥിച്ച് റോമന്‍ ജനത
സ്വന്തം ലേഖകന്‍ 12-03-2020 - Thursday
വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് ബാധയില്‍നിന്നും മോചനം നേടാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് റോമാനഗരത്തിലെ ജനങ്ങള്‍ ഇന്നലെ ഉപവസിച്ചു. പാപ്പ അദ്ധ്യക്ഷനായുള്ള റോമാരൂപതയുടെ വികാരി ജനറല്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ദി ഡൊനാറ്റിസ് മാര്‍ച്ച് ആറിന് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരമാണ് കൊറോണാ വൈറസ് ബാധയില്‍നിന്നും ഇറ്റലിയെ മാത്രമല്ല ലോകം മുഴുവനെയും വിമുക്തമാക്കാനായി റോമാരൂപതയിലെ വിശ്വാസികളും മറ്റു പ്രസ്ഥാനങ്ങളും ഇന്നലെ ഉപവാസം അനുഷ്ഠിച്ചുകൊണ്ട് പ്രത്യേകം പ്രാര്‍ത്ഥിച്ചത്. ഇന്നലെ ഫ്രാന്‍സിസ് പാപ്പയെ പ്രതിനിധീകരിച്ച് കര്‍ദ്ദിനാള്‍ ഡൊനാറ്റിസ് നഗര പ്രാന്തത്തിലെ വിഖ്യാതമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം “ദിവീനോ അമോരെ”യില്‍ വൈകുന്നേരം 7 മണിക്ക് ദിവ്യബലി അര്‍പ്പിച്ചു.
വത്തിക്കാനില്‍ മാര്‍പാപ്പയും വിവിധ വകുപ്പുകളിലെ പ്രവര്‍ത്തകരായ വൈദികരും സന്ന്യസ്തരും വിശ്വാസികളും ഉപവാസത്തില്‍ പങ്കുചേര്‍ന്നു. അതേസമയം പൊതുവെ ജനനിബിഡവും ശബ്ദമുഖരിതവുമായിരുന്ന വിസ്തൃതമായ ചത്വരങ്ങളും ഉദ്യാനങ്ങളും, രാജവീഥികളും, സന്ദര്‍ശകരുടെ സങ്കേതങ്ങളും റോമില്‍ വിജനമായി തുടരുകയാണ്. ഏപ്രില്‍ മൂന്നു വരെയുള്ള പരസ്യ വിശുദ്ധ കുര്‍ബാന അര്‍പ്പണം താത്ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. പൊതു കൂട്ടായ്മകള്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്.