News - 2025

ശുശ്രൂഷയ്ക്കിടെ ആരോഗ്യം ശ്രദ്ധിക്കണം, പ്രത്യേകം പ്രാര്‍ത്ഥിക്കണം: സന്യസ്ഥര്‍ക്ക് വത്തിക്കാന്റെ കത്ത്

സ്വന്തം ലേഖകന്‍ 22-03-2020 - Sunday

വത്തിക്കാന്‍ സിറ്റി: ആഗോള തലത്തില്‍ കൊറോണ പിടിമുറുക്കിക്കഴിഞ്ഞ സാഹചര്യത്തില്‍ ലോകമെങ്ങുമുള്ള വിശ്വാസികളോടൊപ്പം മെത്രാന്മാരും വൈദികരും സന്യസ്ഥരും തങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണമെന്നും, കൂടുതല്‍ തീക്ഷണതയോടെ പ്രാര്‍ത്ഥിക്കണമെന്നും ഓര്‍മ്മിപ്പിച്ച് സമര്‍പ്പിതര്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ബ്രാസ് ഡെ അവിസ്. ഇത് സംബന്ധിച്ചു സമര്‍പ്പിത സേവനം ചെയ്യുന്നവര്‍ക്കും സന്യസ്ഥര്‍ക്കും അദ്ദേഹം കത്തയച്ചു.

നമ്മളില്‍ ആരും ചിന്തിക്കുകയോ, വിചാരിക്കുകയോ ചെയ്യാത്തൊരു പ്രത്യേകമായ സാഹചര്യത്തിലൂടെയാണ് ഈ നോമ്പുകാലം കടന്നുപോയികൊണ്ടിരിക്കുന്നതെന്നും, അതനുസരിച്ച് നമ്മുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും മാര്‍ച്ച് 18ന് കര്‍ദ്ദിനാള്‍ ബ്രാസ് ഡെ അവിസും സന്യസ്തര്‍ക്കുള്ള തിരുസംഘത്തിന്റെ സെക്രട്ടറി ജോസ് റോഡ്രിഗസ് കാര്‍ബാല്ലോ മെത്രാപ്പോലീത്തയും ഒപ്പുവെച്ച കത്തില്‍ പറയുന്നു.

വിശുദ്ധ കുര്‍ബാനയില്‍ സഹായിക്കുവാന്‍ കഴിയാത്തവര്‍, തങ്ങളുടെ ത്യാഗത്തെ സന്തോഷപൂര്‍വ്വം ദൈവത്തിനു സമര്‍പ്പിക്കണം. അതേസമയം സഹായിക്കുവാന്‍ കഴിയുന്നവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുന്നോട്ട് വെച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് വിശ്വാസി സമൂഹത്തോടുള്ള തങ്ങളുടെ അടുപ്പവും ഉത്തരവാദിത്വവും പ്രകടിപ്പിക്കണം. ഈ സാഹചര്യത്തെ മറികടക്കുവാന്‍ വേണ്ടി പോരാടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, ആരോഗ്യ രംഗത്ത് ജോലിചെയ്യുന്നവര്‍ക്കും, സന്നദ്ധ സേവകര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. ഈസ്റ്ററിന് വേണ്ടിയുള്ള ഒരുക്കമെന്ന നിലയില്‍ നോമ്പുകാലത്ത് കൂടുതല്‍ കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്നതും പ്രാര്‍ത്ഥിക്കുന്നതും സാധാരണമാണ്.

എന്നാല്‍ ഈ വര്‍ഷം നമുക്ക് കൂടുതല്‍ തീക്ഷ്ണതയോടെയും ഊര്‍ജ്ജത്തോടെയും പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. സാങ്കേതികത ഒട്ടേറെ പുരോഗമിച്ച ഈ ആധുനിക കാലത്തും ഇത്തരമൊരു മഹാമാരിയെ തുരത്തുവാന്‍ നമ്മുടെ പക്കലുള്ള ആയുധങ്ങള്‍ നമ്മുടെ പൂര്‍വ്വപിതാക്കന്‍മാര്‍ മുന്‍പ് ഉപയോഗിച്ചിട്ടുള്ള പ്രാര്‍ത്ഥന, ഉപവാസം, അനുതാപം, കാരുണ്യം എന്നിവയാണെന്ന വസ്തുത ഓര്‍ക്കണം. അധികം താമസിയാതെ തന്നെ ദൈവത്തിന്റെ അനന്തമായ കാരുണ്യം നമ്മളില്‍ പതിക്കുമെന്നും, മാരകമായ ഈ പ്രഹരത്തെ ലോകത്ത് നിന്നും പുറത്താക്കുവാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 534